25 April 2024 Thursday

ജലീലിനെതിരെ ഇരമ്പി പ്രതിഷേധം, സംസ്ഥാനമെമ്പാടും പ്രതിപക്ഷ മാർച്ച്, തടയൽ, ജലപീരങ്കി,വളാഞ്ചേരിയിലെ വീട്ടിന് ചുറ്റും വൻ സുരക്ഷ

ckmnews

മന്ത്രി കെ ടി ജലീലിന്‍റെ മലപ്പുറം വളാഞ്ചേരിയിലെ വീടിന് ചുറ്റും വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകരെയോ ആരെയുമോ സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. വീട്ടിനകത്ത് മന്ത്രി ജലീൽ ഇപ്പോഴും മൗനത്തിലാണ്. എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത വിവരം ഇപ്പോഴും മന്ത്രി പരസ്യമായി സമ്മതിച്ചിട്ടില്ല. എന്നാൽ വിളിച്ച പ്രാദേശിക സിപിഎം നേതാക്കളോട് തന്നെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തതായി മന്ത്രി പറയുന്നുണ്ട്. വെള്ളിയാഴ്ച മന്ത്രിയെ ചോദ്യം ചെയ്ത വിവരം പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവർത്തകർ പല തവണ ഇക്കാര്യം സ്ഥിരീകരിക്കാനായി മന്ത്രിയെ വിളിച്ചെങ്കിലും അദ്ദേഹം ഇത് ശക്തമായി നിഷേധിക്കുകയായിരുന്നു. എന്തിനാണ് ചോദ്യം ചെയ്തിട്ടും, അദ്ദേഹം അത് നിഷേധിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്. മാധ്യമങ്ങൾ അത് വലിയ വാർത്തയാക്കുമെന്ന് കരുതി ബോധപൂർവമാണ് ഇത് പറയാതിരുന്നതെന്ന് പ്രാദേശിക സിപിഎം നേതാക്കളോട് അദ്ദേഹം പറഞ്ഞതായാണ് വിവരം. 

കോഴിക്കോട്ട് യൂത്ത് ലീഗ് മാ‍ർച്ചിന് നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയിൽ ബിജെപി പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. ഇതിന് പിന്നാലെ സംഘർഷവുമുണ്ടായി. കൊല്ലത്ത് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് ജില്ലാ പ്രസിഡന്‍റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. പത്തനംതിട്ട സിവിൽ സ്റ്റേഷനിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിനു മുന്നിലെ കോഴിക്കോട് വയനാട് ദേശീയപാത ഉപരോധിക്കുന്നു. കൊട്ടിയത്ത് റോഡ് ഉപരോധിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി എൻഫോഴ്സ്മെൻറ് ചോദ്യംചെയ്യലിന്‌  മുന്നോടിയായി തങ്ങിയ അരൂരിലെ വ്യവസായി എം എസ് അനസിന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച് നടത്തിയെങ്കിലും പൊലീസ് ത‍ടഞ്ഞു. 

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വൻ പ്രതിഷേധപ്രകടനം നടക്കാനിരിക്കുകയാണ്. ഇന്നലെ രാത്രി വലിയ പ്രതിഷേധത്തിനാണ് സെക്രട്ടേറിയറ്റ് പരിസരം സാക്ഷ്യം വഹിച്ചത്. 

അതേസമയം, മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുമെന്ന് കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് തേടിയതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് കേന്ദ്രങ്ങൾ പറയുന്നത്. നയതന്ത്ര ബാഗിൽ മതഗ്രന്ഥങ്ങൾ കൊണ്ടുവന്നത് മറയാക്കി പ്രതികൾ സ്വർണക്കളളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുമായുളള പരിചയം സംബന്ധിച്ച മന്ത്രിയുടെ വിശദീകരണം വ്യക്തമായി പരിശോധിച്ച ശേഷമാകും വീണ്ടും വിളിച്ചുവരുത്തുക. യുഎഇ കോൺസൽ ജനറൽ ആവശ്യപ്പെട്ടിട്ടാണ് സർക്കാ‍ർ വാഹനത്തിൽ മതഗ്രന്ഥങ്ങൾ വിവിധയിടങ്ങളിൽ എത്തിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം