08 June 2023 Thursday

സ്കൂൾ വികസനത്തിന് സ്ഥലം വാങ്ങുവാൻ സ്വർണ്ണ കമ്മലുകൾ സമ്മാനിച്ച് വിദ്യാർത്ഥികൾ

ckmnews

സ്കൂൾ വികസനത്തിന് സ്ഥലം വാങ്ങുവാൻ സ്വർണ്ണ കമ്മലുകൾ സമ്മാനിച്ച് വിദ്യാർത്ഥികൾ


ചാലിശ്ശേരി:സ്കൂൾ വികസനത്തിന് സ്ഥലം വാങ്ങുവാൻ സ്വർണ്ണ കമ്മലുകൾ സമ്മാനിച്ച് വിദ്യാർത്ഥികൾ.ചാലിശേരി ജി.എൽ.പി സ്കൂളിലെ സഹോദരികളായ വിദ്യാർത്ഥികളാണ് സ്കൂൾ വികസനത്തിന് സ്ഥലം വാങ്ങുന്ന ഫണ്ടിലേക്ക് സ്വർണ്ണ കമ്മലുകൾ സമ്മാനിച്ചത് .സ്വർണ്ണത്തിന് ദിനംപ്രതി വില കുടുമ്പോഴാണ് സ്കൂളിനു വേണ്ടി രണ്ട് പേരും ചേർന്ന് സ്വർണ്ണ കമ്മൽ സമ്മാനിച്ചത്.655 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയത്തിന് നിലവിൽ 45 സെന്റ് സ്ഥലമാണ് ഉള്ളത്. എൽ.പി.സ്കൂളിന് ചുരുങ്ങിയത് ഒരേക്കർ വേണമെന്നാണ് വ്യവസ്ഥ

 തൃത്താല ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയത്തിൽ 18 ക്ലാസ്മുറികൾ വേണ്ടിടത്ത് നിലവിൽ 12 ക്ലാസ് മുറികളിലാണ് പഠനം നടത്തുന്നത്. 


 മന്ത്രി എം.ബി രാജേഷ് സ്കൂളിന് പുതിയ കെട്ടിടത്തിനായി 1.2 കോടി അനുവദിച്ചിട്ടുണ്ട്.



കെട്ടിടം പണിയുന്നതിനായി പതിനെഞ്ച് സെന്റ് ഭൂമി വാങ്ങുന്നതിനായി ജനകീയ കൂട്ടായ്മ ഫണ്ട് ശേഖരണം നടത്തി വരുകയാണ്.സ്ഥലം വാങ്ങുന്നതിലേക്കാണ്  നാലാം ക്ലാസ് വിദ്യാർത്ഥി പ്രവ്ദ , അനുജത്തി യു.കെ.ജി വിദ്യാർത്ഥി താനിയ എന്നിവർ സ്വർണ്ണ കമ്മലുകൾ നൽകിയത്.സ്കൂളിനു വേണ്ടി കമ്മലുകൾ നൽകിയത് മനസിന് സന്തോഷമാണെന്ന്  പ്രവ്ദ പറഞ്ഞു.


പഠനത്തിൽ മിടുക്കികളായ ഇവർ കലാരംഗങ്ങളിലും മികവ് പുലർത്തുന്നുണ്ട്.വട്ടമ്മാവ് വലിയകത്ത് വീട്ടിൽ വി.എൻ ബിനു - ആരിഫാബീഗം ദമ്പതിമാരുടെ മൂന്ന് മക്കളിൽ മൂത്തവരാണ്  വിദ്യാർത്ഥികൾ.സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വികസന സമിതി ചെയർമാൻ പി.ആർ. കുഞ്ഞുണ്ണി വിദ്യാർത്ഥികളിൽ നിന്ന് കമ്മലുകൾ ഏറ്റുവാങ്ങി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ കാദർ , ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ ,പഞ്ചായത്തംഗങ്ങളായ ആനി വിനു,  പി.വി രജീഷ് , പിടി എ പ്രസിഡന്റ് വി.എൻ .ബിനു , സ്കൂൾ പ്രധാനദ്ധ്യാപകൻ ഇ.ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.