28 March 2024 Thursday

ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന ഹർജി തള്ളി സുപ്രിം കോടതി

ckmnews


ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രിം കോടതി. ഇത് ബുദ്ധിശൂന്യമായ ഹർജിയാണെന്നും പിഴ ചുമത്തേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പരാമർശിച്ചു. ആര് രജിസ്ട്രേഷൻ നടത്തണം എന്നാണ് ഉദ്ദേശിക്കുന്നതെന്ന് ഹർജിക്കാരിയായ അഭിഭാഷക മമത റാണിയോട് കോടതി ചോദിച്ചു.

ഇപ്പോൾ ഇന്ത്യയിൽ ഉണ്ടായിരിക്കുന്ന സാമൂഹിക യാഥാർഥ്യമാണ് ലിവ് ഇൻ ബന്ധങ്ങളെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ ഇത് ചൂഷണത്തിനുള്ള ഉപാധിയാകുന്നു. പലയിടങ്ങളിലും ലിവ് ഇൻ ബന്ധങ്ങളുടെ ഭാഗമായി വരുന്ന യുവതികൾ കൊല്ലപ്പെടുകയോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടിട്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുകയോ ചെയ്യുന്നു. അതുകൊണ്ട് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നത് പോലെ തന്നെ ലിവ് ഇൻ ബന്ധങ്ങളും രജിസ്റ്റർ ചെയ്യാനായിട്ടുള്ള ഒരു സമ്പ്രദായം ഉണ്ടാകണം എന്നായിരുന്നു ഹർജി. ഇതിനെയാണ് കോടതി തള്ളിയത്.


ഇങ്ങനെയുള്ള ഹർജികളെ പ്രോത്സാഹിപ്പിക്കുന്നത് വലിയ പ്രശ്നങ്ങളായിരിക്കും സമൂഹത്തിൽ ഉണ്ടാക്കുക എന്ന് കോടതി പറഞ്ഞു. ഈ വിഷയത്തെ അതിൻ്റെ ഉചിതമായിട്ടുള്ള രീതിയിൽ പരിഗണിക്കുന്നതിന് പകരം പ്രശസ്തിക്ക് വേണ്ടിയിട്ടുള്ള ഇത്തരം സമീപനങ്ങൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. വലിയ പിഴ ചുമത്തേണ്ട ഒരു ഹർജിയാണ് ഇത് എന്നതും കോടതി നിരീക്ഷിച്ചു. തുടർന്ന് ഹർജികൾ പരാതിക്കാരി പിൻവലിച്ചു.