വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഹിൽപാലസ് പൊലീസ് പിടികൂടി. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം.
ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ വി. ഗോപകുമാറും സംഘവും ചേർന്നാണ് പ്രതിയെ കുടുക്കിയത്. യുവതിയുടെ അകന്ന ബന്ധുവായ പത്തനംതിട്ട മെഴുവേലി ആലക്കോട് കാവുംപുറം സജുഭവനിൽ സനുവിനെയാണ് (34) പൊലീസ് പിടികൂടിയത്.
പത്തനംതിട്ട സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 2021 നവംബറിൽ തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയിലെ ലോഡ്ജിലും പിന്നീട് വിവിധ സ്ഥലങ്ങളിലും കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു. യുവതിയിൽ നിന്ന് പലപ്പോഴായി ഒരു ലക്ഷത്തിലേറെ രൂപ കൈക്കലാക്കുകയും ചെയ്തു. പ്രതി മറ്റൊരു വിവാഹം ഉറപ്പിച്ച വിവരം അറിഞ്ഞ യുവതി ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.
എസ്.ഐമാരായ എം. പ്രദീപ്, കെ.ആർ. രാജീവ് നാഥ്, എ.എസ്.ഐ എം.ജി. സന്തോഷ്, എസ്.സി.പി.ഒ ശ്യാം ആർ. മേനോൻ, സി.പി. ഒ ബിബിൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചു.