18 April 2024 Thursday

കുട്ടികളെ ബലാത്സംഗം ചെയ്തു, കുറ്റവാളിയ്ക്ക് ശിക്ഷ 35 വർഷം തടവ്, ശേഷം വന്ധ്യംകരണം

ckmnews

കുട്ടികളെ ബലാത്സംഗം ചെയ്തു, കുറ്റവാളിയ്ക്ക് ശിക്ഷ 35 വർഷം തടവ്, ശേഷം വന്ധ്യംകരണം


ലൂസിയാനയിൽ കുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ 35 വർഷത്തെ തടവിന് ശിക്ഷിച്ചു. ഇതിനു പുറമേ ശിക്ഷാ കാലാവധി കഴിഞ്ഞ് ഇയാൾ പുറത്തിറങ്ങുന്ന സമയത്ത് ഇയാളുടെ ലൈംഗികശേഷി ഇല്ലാതാക്കണമെന്നും കോടതി ഉത്തരവിട്ടു. 34 -കാരനായ റയാൻ ക്ലാർക്ക് എന്നയാളാണ് പിടിയിലായത്. 13 വയസ്സിൽ താഴെയുള്ള രണ്ട് പെൺകുട്ടികളെയാണ് ഇയാൾ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത്.  


കൗൺസിലിങ്ങിനിടയിലാണ് കുട്ടികൾ തങ്ങൾ ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പുറത്ത് പറഞ്ഞത്. 2020 ജൂലൈ 17 -നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷത്തിലേറെയായി ഇത്തരത്തിൽ കുട്ടികളെ ചൂഷണം ചെയ്യാറുണ്ടെന്ന് റയാൻ ക്ലാർക്ക് കുറ്റസമ്മതത്തിൽ പറയുന്നു. മുൻപും കുട്ടികളെ ചൂഷണം ചെയ്ത കുറ്റത്തിന് ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.


35 വർഷത്തെ ജയിൽ ശിക്ഷയിൽ ആദ്യ 25 വർഷങ്ങൾ യാതൊരുവിധ ആനൂകൂല്യങ്ങളുമില്ലാത്ത തടവ് ശിക്ഷയാണ് ഇയാൾ അനുഭവിക്കേണ്ടത്. കൂടാതെ ജയിലിൽ നിന്നും മോചിതനായ ശേഷം ഇയാൾ നിർബന്ധമായും കെമിക്കൽ കാസ്ട്രേഷന് വിധേയനാകണം. 2008 -ൽ മുൻ ഗവർണർ ബോബി ജിൻഡാൽ ലൂസിയാനയിൽ കെമിക്കൽ കാസ്ട്രേഷൻ നിയമവിധേയമാക്കി കൊണ്ടുള്ള ബില്ലിൽ ഒപ്പ് വെച്ചത്. 


പ്രായപൂർത്തിയാകാത്തവരെ പീഡിപ്പിക്കൽ, ക്രൂരമായ ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കാണ് ലൂസിയാനയിൽ തടവ് ശിക്ഷയോടൊപ്പം കെമിക്കൽ കാസ്ട്രേഷൻ കൂടി നടപ്പിലാക്കുന്നത്. മരുന്ന് കുത്തിവെച്ച് പുരുഷന്റെ ലൈം​ഗിക ശേഷി ഇല്ലാതാക്കുന്ന ശിക്ഷാരീതിയാണ് കെമിക്കൽ കാസ്ട്രേഷൻ. ഇതിനെല്ലാം പുറമേ റയാൻ ക്ലാർക്കിന് അയാളുടെ മാതാപിതാക്കളുടെ സ്വത്തിൽ യാതൊരു അവകാശവും  ഉണ്ടായിരിക്കില്ലന്നും കോടതി വിധിച്ചു. വാർത്ത സോഷ്യൽ മീഡിയയിൽ ഇൾപ്പടെ പ്രചരിച്ചതോടെ കുറ്റവാളിയ്ക്ക് നൽകിയ ശിക്ഷ മാതൃകാപരം എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.