01 April 2023 Saturday

മലപ്പുറം വട്ടപ്പാറ വളവിൽ ഇന്നലെ മൂന്നു പേർ മരിച്ച അതേ അപകടസ്ഥലത്ത് ഇന്നും അപകടം

ckmnews


മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം ഉണ്ടായി. ചരക്ക് ലോറി വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ലോറി മറിഞ്ഞ് മൂന്നു പേർ മരണപ്പെട്ടിരുന്നു. ലോറി ഡ്രൈവർ അരുൺ ജോർജ് (26), സഹായി ഉണ്ണിക്കൃഷ്ണൻ (40), സവാള ഏജന്റ് ശരത് എന്നിവരാണ് മരിച്ചത്.


സവാളയുമായി ചാലക്കുടിയിലേക്കു പോകുകയായിരുന്ന ലോറി മറിഞ്ഞാണ് മൂന്നുപേർ മരിച്ചത്. ഇന്നലെ രാവിലെ 7.20നായിരുന്നു അപകടം. സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിൽവച്ച് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.


30 അടി താഴ്ചയിലേക്കു ലോറി മറിഞ്ഞയുടനെതന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ലോറിയുടെ ക്യാബിനുള്ളില്‍ മൂന്നുപേരും കുടുങ്ങിക്കിടക്കുകയായിരുന്നു. കമഴ്ന്നു കിടന്ന ലോറിയുടെ ഏറ്റവും താഴെഭാഗത്തായാണ് ക്യാബിൻ ഉണ്ടായിരുന്നത്.

ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനിടയിലാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് നടക്കാവ് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്. എന്നാൽ അപ്പോഴേക്കും മൂന്നുപേരും മരണപ്പെട്ടിരുന്നു.