ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍: വമ്പന്‍ പോരാട്ടങ്ങള്‍ക്ക് ഒരുങ്ങി ഫുട്‌ബോള്‍ ലോകം

ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. ഇന്ന് നടന്ന ഡ്രോയില്‍ ഫിക്‌സ്ചര്‍ തീരുമാനിക്കുകയായിരുന്നു. വമ്പന്‍ മത്സരങ്ങളാണ് ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇനിയുള്ള ദിനങ്ങള്‍ കാത്തുവയ്ക്കുന്നത്
എക്കാലവും ചാമ്പ്യന്‍സ് ലീഗിന്റെ ഫേവറേറ്റ് ലിസ്റ്റില്‍ മുന്നിലുള്ള റയല്‍ മാഡ്രിഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയെയാണ് നേരിടുന്നത്. അത്ര സുഖകരമല്ലാത്ത ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വര്‍ഷത്തിലൂടെ കടന്നുപോകുന്ന ചെല്‍സിക്ക് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് മുകളില്‍ വിജയം അനിവാര്യമാണെങ്കിലും അതത്ര എളുപ്പമാകാന്‍ ഇടയില്ല.
ആദ്യ കിരീടത്തിനായി ആഗ്രഹിച്ച് ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് ബയേണ്‍ മ്യൂണിക് ആണ് എതിരാളികള്‍. പി എസ് ജിയുടെ പോരാട്ടത്തെ മറികടന്നെത്തുന്ന ബയേണിനെ കീഴടക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തിനായി ആഴ്‌സണലിനോട് മത്സരിക്കുന്ന സിറ്റിയ്ക്ക് എളുപ്പത്തില്‍ സാധിക്കുമെന്ന് പറയാനാകില്ല. ബയേണ്‍-സിറ്റി പോരാട്ടം അതുകൊണ്ട് തന്നെ ആവേശം ഉയര്‍ത്തുന്നതാകുമെന്ന് ഉറപ്പാണ്.
എ സി മിലാനും നാപ്പോളിയും തമ്മിലാണ് അടുത്ത ക്വാര്‍ട്ടര്‍ പോരാട്ടം. ഇറ്റാലിയന്‍ ഫുട്‌ബോള്‍ പോരാട്ടത്തിന്റെ വേദി കൂടിയാകും ഈ മത്സരം. ഇറ്റാലിയന് സീരി എയില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് നാപ്പോളി. എ സി മിലാന്‍ നാലാമതും. മറ്റൊരു ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍മിലാന്‍ ബെന്‍ഫിക്കയുമായാണ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത്.
അവസാന എട്ടിലേക്ക് ചുരുങ്ങിയ ചാമ്പ്യന്‍സ് ലീഗിന്റെ ആവേശ പോരാട്ടത്തില്‍ കാണികള്‍ക്ക് മറക്കാനാകാത്ത ഫുട്‌ബോള്‍ അനുഭവങ്ങള്‍ തന്നെ പിറവിയെടുക്കും എന്ന് ഉറപ്പാണ്. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് കപ്പ് നിലനിര്‍ത്തുമോ എന്ന് ആകാംഷയോടെ ആരാധകര്‍ കാത്തിരിക്കുകയാണ്.