01 April 2023 Saturday

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി

ckmnews



ഇടുക്കി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാൽ സ്വദേശിനി ലിജി (38), ഏഴ് വയസുള്ള മകൻ ലിൻ ടോം എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ലിജിയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് മരണമടഞ്ഞത്.


ഇടുക്കി പൂപ്പാറയ്ക്ക് അടുത്താണ് ലിജിയുടെ വീട്. നവജാത ശിശു മരിച്ചതിനെ തുടർന്ന് ലിജി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയത്. ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ലിജി. എന്നാൽ ഇന്ന് രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയി. ഈ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടിൽ. പള്ളിയിൽ നിന്ന് മടങ്ങിയെത്തിയ ബന്ധുക്കൾ വീട്ടിൽ ലിജിയെയും മകനെയും കണ്ടില്ല. തുടർന്ന് തിരച്ചിൽ നടത്തി. അപ്പോഴാണ് വീട്ടിലെ കിണറ്റിൽ രണ്ട് പേരെയും കണ്ടെത്തിയത്.