20 April 2024 Saturday

ഒരു കോടി രൂപ നഷ്ടപരിഹാരം; സ്വപ്‌ന സുരേഷിന് എം.വി. ഗോവിന്ദൻ വക്കീല്‍ നോട്ടിസ് അയച്ചു

ckmnews


കണ്ണൂർ: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീൽ നോട്ടിസ് അയച്ചു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീർത്തിയുണ്ടാക്കിയെന്ന് നോട്ടിസിൽ പറയുന്നു. നിയമ നടപടിയിൽ നിന്ന് ഒഴിവാകണമെങ്കിൽ ആരോപണം പിൻവലിച്ച് പ്രമുഖ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം. അഡ്വ. നിക്കോളാസ് ജോസഫ് മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള എന്നയാൾ മുഖേന വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സ്വപ്ന വെളിപ്പെടുത്തിയത്.

കേരളം വിട്ടില്ലെങ്കിൽ പിന്നെ ഒത്തുതീർപ്പ് ഉണ്ടാകില്ലെന്നും, ആയുസ്സിന് ദോഷംവരുമെന്നും പറയാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതായി വിജേഷ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. തുടര്‍ന്ന് സ്വപ്‌നയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വക്കീല്‍ നോട്ടിസ് അയച്ചിരിക്കുന്നത്.