23 April 2024 Tuesday

കൂറ്റനാട് ആമക്കാവ് ഭഗവതിക്ഷേത്രത്തിലെ ഉത്സവം വർണാഭമായി ആഘോഷിച്ചു

ckmnews


കൂറ്റനാട് : ആമക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരം വിസ്മയക്കാഴ്ചയായി. 96 ദേശങ്ങളുടെ കൂട്ടായ്മയിലൊരുക്കിയ പൂരംകാണാൻ കനത്തചൂടിനെ മറികടന്നും ഉത്സവപ്രേമികളെത്തി.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുൾപ്പെടെ തലയെടുപ്പുള്ള 26 ആനകൾ അണിനിരന്ന കൂട്ടിയെഴുന്നള്ളിപ്പിൽ അക്കിക്കാവ് കാർത്തികേയൻ ഭഗവതിയുടെ തിടമ്പേറ്റി.വൈകീട്ട് ആറുമണിയോടെ ക്ഷേത്രത്തിന് മുൻവശത്ത് കൂട്ടിയെഴുന്നള്ളിപ്പിനായി ആനകൾ അണിനിരന്നു.അഞ്ച് ആനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ദേവസ്വം എഴുന്നള്ളിപ്പും നടന്നു.ചോറ്റാനിക്കര വിജയൻ, അയിലൂർ അനന്തനാരായണൻ എന്നിവർ തിമിലയിലും ചെർപ്പുളശ്ശേരി ശിവൻ മദ്ദളത്തിലും പഞ്ചവാദ്യത്തിന് നേതൃത്വം നൽകി. ദേവസ്വം എഴുന്നള്ളിപ്പ് സമാപിച്ചശേഷം വിവിധ ദേശങ്ങളിൽനിന്നും പ്രാദേശിക കമ്മിറ്റികളുടെ ആനപ്പൂരങ്ങൾ ക്ഷേത്രത്തിൽ പ്രവേശിച്ചു.അക്ഷരനഗർ, ആമക്കാവ് വടക്കുമുറി,സൗത്ത് ന്യൂബസാർ,ന്യൂബസാർ കൂറ്റനാട്, സെക്യുലർ പെരിങ്ങോട്, എച്ച്.എം.സി. ഗ്യാങ് ഓഫ് പെരിങ്ങോട്, നവോദയ പെരിങ്ങോട്,നവധ്വനി തൊഴുക്കാട്,ഗജപ്രിയ ടി.എസ്.കെ.നഗർ, കോട്ട, വട്ടേനാട് ദേശം, ഗംഭീരം പെരിങ്ങോട്, മലദേശം സെന്റർകമ്മിറ്റി, മലറോഡ് സെന്റർ കമ്മിറ്റി തുടങ്ങിയ കമ്മിറ്റികൾ ആനപ്പൂരങ്ങൾക്ക് നേതൃത്വം നൽകി.പെരിങ്ങോട് ഗംഭീരം പൂരാഘോഷ കമ്മിറ്റിക്കായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കോലമേന്തി.ചിറക്കൽ കാളിദാസൻ, പുതുപ്പള്ളി കേശവൻ, കുറുപ്പത്ത് ശിവശങ്കരൻ,തെച്ചിക്കോട്ടുകാവ് ദേവീദാസൻ,ഊട്ടോളി അനന്തൻ, തിരുവമ്പാടി കണ്ണൻ അടക്കമുള്ള കൊമ്പൻമാർ കൂട്ടിയെഴുന്നള്ളിപ്പിന് തലപ്പൊക്കമായി.കൂട്ടിയെഴുന്നള്ളിപ്പ് അവസാനിച്ചതോടെ വേലകൾ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു.ഇണക്കാളകൾ, കരിങ്കാളി, തെയ്യം, ശിങ്കാരിമേളം, കാവടിയാട്ടം, പൂതൻ തിറ,നാടൻകലാരൂപങ്ങൾ തുടങ്ങിയവ അകമ്പടിയായി. രാത്രി തായമ്പക, പുലർച്ചെ വിവിധ കമ്മിറ്റികളുടെ പൂരം എഴുന്നള്ളിപ്പ് എന്നിവയുണ്ടായി.