16 April 2024 Tuesday

വടക്കഞ്ചേരി സപ്ലൈകോ സൂപ്പർമാർക്കറ്റിൽനിന്ന് മോഷ്ടിച്ചത് 200 കിലോ ഭാരമുള്ള ലോക്കർ; നഷ്ടം 3.29 ലക്ഷം രൂപ

ckmnews



വടക്കഞ്ചേരി: ബസ് സ്റ്റാൻഡിലെ സപ്ലൈകോ സൂപ്പർമാർക്കറ്റിൽനിന്ന് ലോക്കറുൾപ്പെടെ തട്ടിയെടുത്തു. 3,29,365 രൂപയാണ് ലോക്കറിലുണ്ടായിരുന്നത്. സൂപ്പർമാർക്കറ്റിലെ മാനേജരുടെ മുറിയിലുണ്ടായിരുന്ന ലോക്കർ മോഷ്ടാക്കൾ എടുത്തുകൊണ്ടുപോവുകയായിരുന്നു.


ഞായറാഴ്ച രാവിലെ സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനായി ജീവനക്കാർ സൂപ്പർമാർക്കറ്റിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. ഷട്ടറിന്റെ പൂട്ട് തകർന്ന നിലയിൽ കണ്ടതിനെത്തുടർന്ന്, സപ്ലൈകോ അസി. മാനേജരെയും വടക്കഞ്ചേരി പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചവരെയുള്ള വില്പനത്തുക ബാങ്കിലടച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമുള്ളതും ബാങ്ക് അവധിയായിരുന്നതിനാൽ രണ്ടാം ശനിയാഴ്ചത്തെയും വില്പനത്തുകയാണ് ലോക്കറിൽ സൂക്ഷിച്ചിരുന്നത്.


വടക്കഞ്ചേരി ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.പി. ബെന്നിയുടെ നേതൃത്വത്തിൽ വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാളങ്ങളൊന്നും ലഭിച്ചില്ല. ലോക്കർ വലിച്ചുനീക്കിക്കൊണ്ടുപോയതിന്റെ അടയാളം തറയിലുണ്ടായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഒരു പാന്റ്സും കണ്ടെത്തിയിട്ടുണ്ട്. ലോക്കറിന് ഇരുന്നൂറ് കിലോഗ്രാമിലധികം ഭാരമുള്ളതിനാൽ മൂന്നോ നാലോ ആളുകൾ ചേർന്നാവാം മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.


മറ്റ് സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമികനിഗമനം. തിങ്കളാഴ്ച സ്റ്റോക്കിന്റെ വിശദപരിശോധന നടത്തുമെന്ന് സപ്ലൈകോ ആലത്തൂർ താലൂക്ക് അസി. മാനേജർ മോളി ജോൺ പറഞ്ഞു. സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതായി ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.പി. ബെന്നി പറഞ്ഞു.