29 March 2024 Friday

കേരളത്തിലെ ഏക കന്‍റോണ്‍മെന്‍റ് തെരഞ്ഞെടുപ്പ് ചൂടില്‍; 22 വരെ പത്രിക നല്‍കാം, ആറ് വാർഡുകളിൽ പോരാട്ടം

ckmnews


കണ്ണൂര്‍: സംസ്ഥാനത്തെ ഏക കന്‍റോണ്‍മെന്‍റായ കണ്ണൂര്‍ കന്‍റോണ്‍മെന്‍റ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഏപ്രില്‍ മുപ്പതിനാണ് കണ്ണൂര്‍ കന്‍റോണ്‍മെന്‍റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് നടക്കുക. യു ഡി എഫ് അനുകൂല ബോര്‍ഡായിരുന്നു നിലവിലുണ്ടായിരുന്നത്. കണ്ണൂര്‍ നഗരത്തോട് ചേര്‍ന്ന് ബര്‍ണശ്ശേരിയിലാണ് സൈനിക ഭരണ പ്രദേശമായ കന്‍റോണ്‍മെന്‍റുള്ളത്. ബ്രിട്ടീഷുകാര്‍ 1938 ലാണ് കണ്ണൂര്‍ കന്‍റോണ്‍മെന്‍റ് രൂപീകരിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം കന്‍റോണ്‍മെന്‍റ് ഇന്ത്യന്‍ ആര്‍മിയുടെ നിയന്ത്രണത്തിലായി.


നിലവില്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സിന്‍റെ ആസ്ഥാനമാണ് ഇവിടം. ഇവിടത്തെ പ്രാദേശിക ഭരണകൂടമായ കന്‍റോണ്‍മെന്‍റ് ബോര്‍ഡിലെ ആറു വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശ പത്രിക ഈ മാസം 22 വരെ സമര്‍പ്പിക്കാം. 24നാണ് സൂക്ഷ്മ പരിശോധന. തെരഞ്ഞെടുക്കപ്പെടുന്ന ആറു പേരും സേനയിലെ അഞ്ച് പേരും കളക്ടറുടെ പ്രതിനിധിയുമടക്കം 12 പേരാണ് ബോര്‍ഡിലുണ്ടാവുക. ആര്‍മി ഉദ്യോഗസ്ഥരും പ്രദേശത്തെ താമസക്കാരുമടക്കം 2500ലധികം വോട്ടര്‍മാരാണ് കന്‍റോണ്‍മെന്‍റിലുള്ളത്.

സ്ഥലം എം പിയും എം എല്‍ എയും പ്രത്യേക ക്ഷണിതാക്കളാണെങ്കിലും വോട്ടവകാശമില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചുമതല തന്നെയാണ് കന്‍റോണ്‍മെന്‍റ് ബോര്‍ഡിന് ഉള്ളത്. ഓഫീസര്‍ ഇന്‍ കമാന്‍റന്‍റാണ് ബോര്‍ഡിന്‍റെ പ്രസിഡന്‍റ്. തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ഒരാള്‍ വൈസ് പ്രസിഡന്‍റാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ച് വാര്‍ഡുകള്‍ യു ഡി എഫിനും ഒരു വാര്‍ഡ് എല്‍ ഡി എഫിനമായിരുന്നു കിട്ടിയത്. അ‍ഞ്ചു വര്‍ഷമാണ് ബോര്‍ഡിന്‍റെ കാലാവധി.