24 April 2024 Wednesday

ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം

ckmnews


മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്കർ പുരസ്കാരം ഇന്ത്യയ്ക്ക്. ദി എലിഫൻ്റ് വിസ്പറേഴ്സ് ആണ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ടത്. മനുഷ്യനും ആനക്കുട്ടികളുമായുള്ള സ്നേഹബന്ധത്തിന്റെ കഥപറയുന്ന ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമാണ് ദി എലിഫന്റ് വിസ്പറേഴ്സ്.

ഏറെ പ്രതീക്ഷകളോടെ തന്നെയായിരുന്നു നെറ്റ്ഫ്ലിക്സ് ചിത്രം ദി എലിഫന്റ് വിസ്പറേഴ്സ് മൽസരത്തിനെത്തിയത്. നാൽപ്പത് മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്റ്റി മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. ദ എലിഫന്റ് വിസ്പറേഴ്സിലൂടെ ഗോൺസാൽവസ് തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ ബെല്ല ദമ്പതികളുടെ ജീവിതം പറയുന്നു. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ഈ ദമ്പതികൾ. ഇവർ വളർത്തുന്ന ആനക്കുട്ടികളായ രഘുവും അമ്മുവുമാണ് കഥയുടെ കേന്ദ്രബിന്ദു.


മികച്ച ഷോർട്ട് ഫിലിമിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ആൻ ഐറിഷ് ​ഗുഡ്ബൈ സ്വന്തമാക്കി. മികച്ച ഛായാ​ഗ്രഹണത്തിനുള്ള പുരസ്‌കാരം ജെയിംസ് ഫ്രണ്ടിന് ലഭിച്ചു. മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം കി ഹൂയി ക്വാനും മികച്ച സഹനടിക്കുള്ള പുരസ്കാരം ജെയ്മി ലീ കേർട്ടസും സ്വന്തമാക്കി. മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം നവൽനിയാണ്. മികച്ച മേക്കപ്പ് ആൻഡ് കേശാലങ്കാരം – ദി വെയ്ൽ.

മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയത് ഗ്വില്ലേമോ ഡെല്‍ ടോറോസ് പിനോക്യോ ആണ്. ഒരു മരപ്പണിക്കാരന്‍ ഒരു മരപ്പാവയെ സൃഷ്ടിക്കുകയും പിതൃവാത്സല്യം കൊണ്ട് അതിന് ജീവന്‍ വയ്പ്പിക്കുകയും ചെയ്ത മനോഹരമായ മുത്തശ്ശിക്കഥയുടെ ദൃശ്യാവിഷ്‌കാരമാണ് ഗ്വില്ലേമോ ഡെല്‍ ടോറോസ് പിനോക്യോ. ഡെല്‍ ടോറോയും മാര്‍ക് ഗുസ്താഫ്‌സണും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡെല്‍ ടോറോയും പാട്രിക് മകേലും കാല്‍ലോ കൊളോഡിയുമാണ് ചിത്രത്തിന്റെ രചയിതാക്കള്‍.


ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിലാണ് അക്കാദമിക് അവാര്‍ഡ് വിതരണം നടക്കുന്നത്. പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ ജിമ്മി കിമ്മലാണ് ചടങ്ങുകളുടെ അവതാരകന്‍. ഇരുപത്തിമൂന്ന് വിഭാഗങ്ങളിലെ ഓസ്‌കാര്‍ അവാര്‍ഡുകളാണ് പ്രഖ്യാപിക്കുന്നത്