സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീം പങ്കെടുക്കും; സ്റ്റേഡിയത്തിന്റെ നിലവാരത്തിൽ ആശങ്ക; കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ

അടുത്ത മാസം നടക്കുന്ന ഹീറോ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സീനിയർ നിരയെ കളിക്കളത്തിൽ ഇറക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് വ്യക്തമാക്കി. കൂടാതെ, ഹീറോ സൂപ്പർ കപ്പ് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും സംഘടിപ്പിക്കുന്നത് താരങ്ങളെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്ന് സ്പോർട്ടിങ് ഡയറക്ടർ സൂചിപ്പിച്ചു
ക്ലബ്ബിന്റെ റിസർവ് നിര റിലയൻസ് ഫണ്ടേഷൻ ഡെവലപ്മെന്റ് ലീഗിന്റെ തിരക്കിലാണ്. ഡെവലപ്മെന്റ് ലീഗ് ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. കൗമാര താരങ്ങൾക്ക് ഇതിലൂടെ ലഭിക്കുന്ന അവസരങ്ങൾ വലുതാണ്. കഴിഞ്ഞ വർഷം ഡെവലപ്മെന്റ് ലീഗിൽ ആദ്യ സ്ഥാനങ്ങളിൽ ടൂർണമെന്റ് അവസാനിപ്പിച്ച കേരളം ഫൈനൽ റൗണ്ടിനായി ഇംഗ്ളണ്ടിലേക്ക് പോയിരുന്നു. അവർക്ക് അവിടെ മുൻ നിര ടീമുകളുമായി മത്സരിക്കാൻ സാധിച്ചു. ഇത്തവണ പരീക്ഷ സമയമായതിനാൽ റിസർവ് നിരയിൽ താരങ്ങൾ കുറവാണ്. എങ്കിലും, ഇത്തവണയും ഞങ്ങളുടെ ലക്ഷ്യത്തിന് മാറ്റമൊന്നും ഇല്ല എന്ന അദ്ദേഹം വ്യക്തമാക്കി.
ഹീറോ സൂപ്പർ കപ്പ് മുന്നോട്ട് വെക്കുന്നത് എഎഫ്‌സി കപ്പിലേക്കുള്ള ഒരു അവസരമാണ്. അതിനാൽ തന്നെ ശക്തമായ മത്സരം കാഴ്ച വെക്കുന്നതിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത് എന്ന് കരോലിസ് അറിയിച്ചു. എല്ലാ വിദേശതാരങ്ങളും അവധിക്ക് ശേഷം ഇന്ത്യയിലേക്ക് എത്തും. മാർച്ച് 25ന് താരങ്ങളോട് റിപ്പോർട്ട് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. തുടർന്ന്, 26 മുതൽ ഞങ്ങൾ സൂപ്പർ കപ്പിനുള്ള സജ്ജീകരണവും പരിശീലനവും ആരംഭിക്കും.
പക്ഷെ, സൂപ്പർ കപ്പിന്റെ ഗ്രൗണ്ടുകളുടെ അവസ്ഥയിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. കാലിക്കറ്റ് ഫുട്ബോൾ സ്റ്റേഡിയത്തിന്റെ അവസ്ഥ മോശമാണ്. ടൂർണമെന്റ് ഗോവയിൽ വെച്ച് നടത്താമായിരുന്നു എന്ന നിർദേശവും അദ്ദേഹം മുന്നോട്ട് വെച്ചു. കാരണം, അവിടെ നിലവാരമുള്ള സ്റ്റേഡിയങ്ങളും പരിശീലന ഗ്രൗണ്ടുകളും ലഭ്യമാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. എല്ലാ കാര്യങ്ങളെയും വളരെ പ്രൊഫഷണൽ ആയി കാണുന്ന വ്യക്തിയാണ് ഞാൻ. അതിനാൽ തന്നെ, ഈ അവസ്ഥയിൽ ഇത്തരം മൈതാനത്തിൽ കളിക്കുന്നതിന് താരങ്ങളെ എങ്ങനെ ഞങ്ങൾ മോട്ടിവേറ്റ് ചെയ്യും എന്ന ചോദ്യം അദ്ദേഹം ഉയർത്തി.
ഏപ്രിൽ മൂന്നിന് സൂപ്പർ കപ്പിന്റെ യോഗ്യത മത്സരങ്ങൾ ആരംഭിക്കും. ഏപ്രിൽ ആറ് മുതലാണ് ഫൈനൽ റൗണ്ട് അരങ്ങേറുക. ഗ്രൂപ്പ് എയിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബ്, ബെംഗളൂരു എഫ്‌സി, യോഗ്യത മത്സരത്തിൽ നിന്നുള്ള ഒരു ടീം എന്നിവരാണ് മത്സരിക്കുക. ഗ്രൂപ്പിൽ ഒന്നാമത് എത്തുന്നവർ അടുത്ത റൗണ്ടിലേക്ക് കടക്കും.