പ്രീമിയർ ലീഗ്: അട്ടിമറിയിൽ ലിവർപൂൾ വീണു; ചെൽസിക്കും സിറ്റിക്കും ടോട്ടനത്തിനും വിജയം

കടൽ നീന്തിക്കടന്നവൻ തോട്ടിൽ വീണു മരിച്ചു എന്ന സ്ഥിതിയാണ് ലിവർപൂളിന്റെത്. 11 മത്സരങ്ങൾ തുടർച്ചായി വിജയിച്ച, ബാഴ്‌സലോണയെ യൂറോപ്പ ലീഗിൽ നിന്നും പുറത്താക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒരു ആഴ്ച മുൻപാണ് ചെമ്പട ഞെട്ടിച്ചത്. സ്വന്തം മൈതാനത്ത് മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ ലിവർപൂളിന്റെ വിജയം. പ്രീമിയർ ലീഗിൽ വൈരികളായ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയുള്ള വിജയത്തിന്റെ ആഹ്ലാദം അവസാനിക്കും മുൻപ് തന്നെ തലയ്ക്ക് അടിയേറ്റ് സ്ഥിതിയാണ് ടീമിന്റേത്. ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ റെലിഗെഷൻ സോണിലുള്ള ബേൺമത്തിനോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. മുഹമ്മദ് സലാഹ് പെനാൽറ്റി നഷ്ടപ്പെടുത്തിയത് ടീമിന് തിരിച്ചടിയായി.സേവുകൾ കൊണ്ട് തിളങ്ങിയ ബേൺമത്തിന്റെ ഗോൾകീപ്പർ നെറ്റോയുടെ പ്രകടനം മത്സരത്തിൽ നിർണായകമായി
തിരിച്ചു വരവിന്റെ പാതയിലാണ് തെളിയിക്കുന്നതായിരുന്നു ഇന്നലെ ചെൽസിയുടെ പ്രകടനം. ലെയ്‌സെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച ചെൽസി, അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും വിജയം നേടിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ മുതലുള്ള കണക്കുകൾ എടുത്താൽ 18 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം വിജയിക്കാൻ സാധിച്ചിരുന്നു ചെൽസി കളിക്കളത്തിൽ നിലയുറപ്പിക്കാൻ ശ്രമിക്കുന്നത് ആരധകരെ സന്തോഷത്തിലാഴ്ത്തിയിട്ടുണ്ട്. ബെൻ ചിൽവെല്ലും കായ് ഹാവെർട്സും മാത്യു കൊവാസിച്ചും ചെൽസിക്കായി ഗോളുകൾ നേടി.
ക്രിസ്റ്റൽ പാലസിനെ ഹാലണ്ടിന്റെ പെനാൽറ്റി ഗോളിലൂടെ പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ സിറ്റി ലീഗ് കിരീടത്തിലേക്കുള്ള ദൂരം കുറച്ചു. ഒരു മത്സരം കുറവ് കളിച്ച ആഴ്‌സണലുമായി രണ്ട് പോയിന്റ് വ്യത്യാസം മാത്രമാണ് നിലവിൽ സിറ്റിക്ക് ഉള്ളത്. മറ്റൊരു മത്സരത്തിൽ ഹാരി കെയ്‌നിന്റെ ഇരട്ട ഗോളുകളുടെയും സൺ നേടിയ ഒന്നിന്റെയും മികവിൽ നോട്ടിങ്ഹാം ഫോറെസ്റ്റിനെതിരെ ടോട്ടൻഹാം ഹോട്സപ്റിന് ആവേശ വിജയം. വിജയത്തോടെ ആദ്യ നാളിലെ സ്ഥാനം ഒന്ന് കൂടി ഉറപ്പിക്കുകയാണ് സ്പർസ്.