24 April 2024 Wednesday

ഗോളടിക്കാനാകാതെ റൊണാൾഡോ; അൽ നാസറിന് തോൽവി; സൗദി ലീഗിൽ രണ്ടാമത്

ckmnews

സൗദി പ്രോ ലീഗിൽ നിർണായക മത്സരത്തിൽ അൽ നാസറിന് തോൽവി. ഇന്നലെ രാത്രി ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റിയിൽ നടന്ന നിർണായക മത്സരത്തിൽ അൽ എത്തിഹാദിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അൽ നാസർ തോറ്റത്. 80 ആം മിനുട്ടിൽ ബ്രസീലിയൻ താരം റൊമാരിൻഹോ നേടിയ ഗോളിലാണ് എത്തിഹാദിന്റെ വിജയം. ഇന്നലെ മത്സരം ആരംഭിക്കുന്നതിന് മുൻപ് ഒന്നാം സ്ഥാനത്തായിരുന്നു അൽ നാസർ. രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന അൽ എത്തിഹാദിന് ഒരു പോയിന്റ് വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. മത്സരത്തിൽ നേടിയ വിജയത്തോടെ 47 പോയിന്റുകളുമായി അൽ എത്തിഹാദ് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു

ഇന്നലെ മത്സരത്തിന്റെ ആധിപത്യം അൽ എത്തിഹാദിന്റെ കയ്യിലായിരുന്നു. പന്തവകാശത്തിലും പാസ്സുകളുടെ എണ്ണത്തിലും എത്തിഹാദ് തന്നെയായിരുന്നു മുന്നിട്ട് നിന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനം ഇന്നലെ ശരാശരി മാത്രമായിരുന്നത് അൽ നാസറിന് തിരിച്ചടിയായി. ഇന്നലെ സ്റ്റോപ്പേജ് ടൈമിൽ സമനില നേടുന്നതിനായി ഒരു അവസരം റൊണാൾഡോക്ക് ലഭിച്ചെങ്കിലും അൽ എത്തിഹാദിന്റെ ഗോൾകീപ്പർ മാർസെലോ ഗ്രോഹെയുടെ മികച്ച സേവിലൂടെ ആ ഷോട്ട് രക്ഷപ്പെടുത്തി. മത്സര ശേഷം ദേഷ്യത്തോടേയാണ് റൊണാൾഡോ കളം വിട്ടത്.

ആഭ ക്ലബ്ബിനെതിരെയാണ് അൽ നാസറിന്റെ അടുത്ത രണ്ട് മത്സരങ്ങളും. ആദ്യ മത്സരം കിങ്‌സ് കപ്പിലെ ക്വാർട്ടർ ഫൈനലും രണ്ടാമത്തേത് സൗദി ലീഗിലെയുമാണ്. കഴിഞ്ഞ ആറ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും തോൽവി ഏറ്റുവാങ്ങിയ ആഭ ക്ലബ്ബിനെതിരെ വിജയം ലക്ഷ്യമാക്കി മാത്രമേ അൽ നാസറിന് ഇറങ്ങാൻ സാധിക്കൂ. അൽ ഫെയ്‌ഹയുമായാണ് അൽ എത്തിഹാദിന്റെ അടുത്ത മത്സരം