28 March 2024 Thursday

കടമുറി അഡ്വാന്‍സ്‌ ലഭിച്ചില്ല കുന്നംകുളത്ത് വീണ്ടും കച്ചവടക്കാരന്റെ ആത്മഹത്യാശ്രമം.

ckmnews



കുന്നംകുളം: കടമുറി ഒഴിഞ്ഞിട്ടും വാടക അഡ്വാന്‍സ്‌ തുക തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ കുന്നംകുളത്ത് കച്ചവടക്കാരന്‍ വീണ്ടും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കുന്നംകുളത്തു ഗോള്‍ഡ്‌ കവറിങ്‌ കച്ചവട സ്‌ഥാപനം നടത്തുന്ന ഒല്ലൂര്‍ സ്വദേശി ജോണ്‍സനാണ്‌ അഡ്വാന്‍സ്‌ തുക നല്‍കിയ ഭാവന റോഡ്‌ കെട്ടിടത്തിലെ ഒഴിഞ്ഞ മുറിയില്‍ കയറി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്‌. ഫയര്‍ഫോഴ്‌സും പോലീസും ഷട്ടര്‍ പൊളിച്ചാണ്‌ ഇയാളെ രക്ഷപ്പെടുത്തിയത്‌. 

കഴിഞ്ഞയാഴ്‌ച ഇതേ ആവശ്യമുന്നയിച്ച്‌ ഇയാള്‍ ഇതേ കെട്ടിടത്തിന്‌ മുകളില്‍നിന്ന്‌ താഴേക്ക്‌ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു.അന്ന്‌ പോലീസെത്തിയാണ്‌ ഇയാളെ അനുനയിപ്പിച്ച്‌ താഴെയിറക്കിയത്‌. പിന്നീട്‌ കെട്ടിട മുറി ഉടമ ഡേവിയുമായി സ്‌റ്റേഷനില്‍വച്ച്‌ ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായിരുന്നില്ല. 

മുറി ഒഴിഞ്ഞു അഞ്ചുമാസം കഴിഞ്ഞിട്ടും അഡ്വാന്‍സ്‌ തുകയായ മൂന്നുലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നാണ്‌ ഇയാളുടെ പരാതി. ബുധനാഴ്ച്ച ഉച്ചയോടെ രണ്ടാം നിലയിലെ മുറിയുടെ ഷട്ടര്‍ തുറന്ന്‌ അകത്തു കയറിയ ഇയാള്‍ ഷട്ടര്‍ അകത്ത്‌ നിന്നു പൂട്ടി. 

അകത്തുകയറിയ ഇയാളെ പുറത്തേക്ക്‌ കാണാതിരുന്നതോടെ സമീപ കടക്കാര്‍ ഷട്ടര്‍ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ്‌ അകത്തുനിന്ന്‌ പൂട്ടിയതായി മനസിലാക്കിയത്‌.പിന്നീട്‌ ഫയര്‍ഫോഴ്‌സിലും പോലീസിലും വിവരമറിയിച്ചു.

 ഇരുവരും സ്‌ഥലത്തെത്തി ഷട്ടര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

പിന്നീട്‌ ഷട്ടര്‍ പൊളിച്ച്‌ അകത്ത്‌ കടന്നാണ്‌ ഫയര്‍ഫോഴ്‌സ് ഇയാളെ പുറത്തെടുത്തത്‌. ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ട ജോണ്‍സനെ അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കയറ്റി ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.