28 March 2024 Thursday

എലിപ്പനി; സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ നിർദേശം

ckmnews

അതിരപ്പള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. പാർക്കിൽ കുളിച്ച ഒട്ടേറെ വിദ്യാർഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു . ഇതേ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പാർക്കിൽ പരിശോധന നടത്തി. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വെള്ളം ശുചീകരിക്കുന്നതടക്കമുള്ള നിർദേശം ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ പതിനേഴാം തിയതി വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ പത്തിലധികം വിദ്യാർഥികളാണ് ആലുവയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ രണ്ടുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. അഞ്ചോളം പേരുടെ ശ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അഞ്ചു വയസ്സ് മുതൽ 10 വയസ്സ് വരെയുള്ള 200 കുട്ടികളെയാണ് ആലുവ ജോയ് മൗണ്ട് പബ്ലിക് സ്‌കൂളിൽ നിന്നും വിനോദയാത്രയ്ക്ക് കൊണ്ടുപോയത്. ഇതിൽ പലർക്കും പിന്നീട് വയറിളക്കവും ഛർദിയും പനിയും ബാധിച്ചു. പനി മാറാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കൂടുതൽ കുട്ടികൾ ചികിത്സ തേടിയത്തോടെയാണ് കാരണം അന്വേഷിച്ചത്.


ആലുവ ലക്ഷ്മി ആശുപത്രി, കാർമൽ ആശുപത്രി എന്നിവിടങ്ങളിൽ കുട്ടികൾ ചികിത്സയിലുണ്ട്. ആലുവ നാലാംമൈൽ ജ്യോതി പബ്ലിക് സ്‌കൂൾ, പനങ്ങാട് വിഎച്ച്എസ്എസ്, എറണാകുളം ഗേൾസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും ഈ ദിവസങ്ങളിൽ വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയവരും ചികിത്സയിലുണ്ട്. വാട്ടർ തീം പാർക്കിൽ വെള്ളത്തിലിറങ്ങിയവർ പനി വിട്ട് മാറിയിട്ടില്ലെങ്കിൽ തുടർ ചികിത്സ തേടണമെന്ന് ആരോഗ്യ വിദഗ്ദർ നിർദേശിച്ചിരുന്നു.