28 March 2024 Thursday

'സുനില്‍ ഛേത്രി എന്ന ഹീറോ ഇതോടെ സീറോയായി, ഈ ചതി വേണ്ടായിരുന്നു'; രൂക്ഷ വിമർശനവുമായി ബ്ലാസ്റ്റേഴ്സ് ആരാധകർ

ckmnews

ബെംഗളൂരൂ: ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിലെ വിവാദ ഗോളില്‍ മഞ്ഞപ്പട ആരാധകരുടെ പ്രതിഷേധം അടങ്ങുന്നില്ല. ബെംഗളൂരുവിനെ ജയിപ്പിച്ച വിവാദ ഗോള്‍ നേടിയ സുനില്‍ ഛേത്രിക്കെതിരെ നിരവധി ബ്ലാസ്റ്റേഴ്സ് ആരാധകരാണ് സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരെല്ലാം വാഴ്ത്തിപ്പാടിയിരുന്ന ഛേത്രി ഇന്നലത്തെ വിവാദ ഗോളോടെ ഹീറോയില്‍ നിന്ന് സീറോയായി തരംതാഴ്ത്തപ്പെട്ടു എന്നാണ് ആരാധക പ്രതികരണങ്ങള്‍ അധികവും. ഇന്ത്യന്‍ ഫുട്ബോളിനെ വഞ്ചിക്കുകയാണ് ഛേത്രി ചെയ്തത് എന്ന് ആരാധകർ ആരോപിക്കുന്നു. എന്തായാലും സുനില്‍ ഛേത്രിയുടെ ഗോളിന്‍മേലുള്ള വിവാദം ഉടനൊന്നും കെട്ടടങ്ങില്ല എന്നുറപ്പ്.  


ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് ബെംഗളൂരു-ബ്ലാസ്റ്റേഴ്സ് മത്സരം എക്സ്‍ട്രാടൈമിലേക്ക് നീണ്ടത്. എക്സ്‍ട്രാടൈമിന്‍റെ 96-ാം മിനുറ്റിലായിരുന്നു സുനില്‍ ഛേതിയുടെ കാലില്‍ നിന്ന് വിവാദത്തീ പടർത്തിയ ഗോള്‍. ഛേത്രിയെ ഫൗള്‍ ചെയ്തതിന് റഫറി ഫ്രീകിക്ക് അനുവദിച്ചപ്പോള്‍ ക്വിക്ക് കിക്കിലൂടെ പന്ത് വലയിലാക്കുകയാണ് താരം ചെയ്തത്. കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പ്രതിരോധക്കോട്ട കെട്ടാന്‍ തയ്യാറെടുക്കുന്നതിനിടെ തിടുക്കത്തില്‍ പന്ത് ചിപ് ചെയ്ത് വലയിലിടുകയായിരുന്നു ബെംഗളൂരു താരം. ഇത് ഗോളല്ലാ എന്ന് വാദിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളും റഫറിയും തമ്മില്‍ മൈതാനത്ത് പൊരിഞ്ഞ തർക്കമായി. ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ച് സൈഡ് ലൈനില്‍ മറ്റ് റഫറിമാരും ഒഫീഷ്യലുകളുമായി ഏറെനേരം തർക്കിച്ചു. പിന്നാലെ തന്‍റെ ശിഷ്യന്‍മാരോട് കളി മതിയാക്കി മൈതാനത്തിന് പുറത്തേക്ക് വരാന്‍ ഇവാന്‍ വുകോമനോവിച്ച് ആവശ്യപ്പെടുകയായിരുന്നു.

റഫറിമാരുടെ തീരുമാനം കാത്ത് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലക സംഘവും കുറച്ച് സമയം മൈതാനത്തെ സൈഡ് ലൈനില്‍ ഇരുന്നു. റഫറി ഗോളില്‍ ഉറച്ചുനിന്നതോടെ എല്ലാവരും കൂടി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. മാച്ച് കമ്മീഷണർ എത്തി ​ഗ്രൗണ്ട് റഫറിമാരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ബെംഗളൂരുവിനെ 1-0ന് വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ബെംഗളൂരു എഫ്സി സെമിക്ക് യോഗ്യത നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് ടൂർണമെന്‍റില്‍ നിന്ന് പുറത്തായി. വിവാദ ഗോളില്‍ മൈതാനം വിട്ട ബ്ലാസ്റ്റേഴ്സിന്‍റെ നീക്കം അഭിമാനകരമാണ് എന്ന പക്ഷമാണ് ഭൂരിപക്ഷം ആരാധകർക്കും. ബ്ലാസ്റ്റേഴ്സ് സ്പോർട്സ്മാന്‍ സ്‍പിരിറ്റ് കാണിക്കണമായിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്.