28 March 2024 Thursday

കാൻസർ എന്ന് പറഞ്ഞ് വാട്സാപ് ഗ്രൂപ്പ് വഴി പണം പിരിച്ച് പുതിയ കാർ വാങ്ങിയ യുവാവ് പിടിയിൽ

ckmnews

ഇടുക്കി: അർബുദരോഗിയെന്നു കള്ളം പറഞ്ഞ് പഴയ സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് പിടിയിൽ. കരിമണ്ണൂർ മുളപ്പുറം ഐക്കരമുക്കിൽ സി. ബിജു (45) ആണു പിടിയിലായത്. വാട്സാപ്പ് സന്ദേശം അയച്ചും ശബ്ദം മാറ്റുന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് ബന്ധുക്കളുടെ പേരിൽ വിളിച്ചുമാണ് ഇയാൾ പണം തട്ടിയതെന്നാണ് പൊലീസ് വിശദീകരണം.


ബിജു പഠിച്ചിരുന്ന പാലായിലെ ഒരു കോളജിന്റെ വാട്സാപ് ഗ്രൂപ്പിൽ തനിക്കു കാൻസറാണെന്നു പറഞ്ഞ് സന്ദേശമയച്ചും ഇയാളുടെ അമ്മാവനെന്നു പരിചയപ്പെടുത്തി ഗ്രൂപ്പ് അംഗങ്ങളെ വിളിച്ചുമാണ് ബിജു പണം തട്ടിയത്. തുടർന്നു സഹപാഠികൾ പത്തര ലക്ഷത്തോളം രൂപ പിരിച്ചുനൽകി. പിന്നാലെ സഹോദരി എന്ന് പരിചയപ്പെടുത്തി മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ സ്ത്രീ ശബ്ദത്തിൽ ഇയാൾ അധ്യാപകരെ വിളിച്ചും സഹായം അഭ്യർഥിച്ചു. 15 ലക്ഷം രൂപയോളം ഇങ്ങനെ തട്ടിച്ചെടുത്തെന്നാണു പൊലീസ് പറയുന്നത്.

അമ്മാവന്റെ’ നമ്പറിലേക്കു വിളിച്ച സഹപാഠികൾക്കു സംശയം തോന്നിയതോടെ അന്വേഷണം തുടങ്ങി. തൊടുപുഴയിൽ ജോലി ചെയ്യുന്ന ഒരാൾ ഇയാളെ ടൗണിൽ കണ്ടു. പുതിയ കാർ വാങ്ങിയതായും മനസ്സിലായി. തുടർന്നു തൊടുപുഴ സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഡിവൈഎസ്പി എം.ആർ.മധു ബാബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ചേർത്തല സ്വദേശിയായ ഇയാൾ വിവാഹശേഷമാണു മുളപ്പുറത്തെത്തിയത്.