19 April 2024 Friday

ക്ഷേമനിധിയിലെ കർഷകത്തൊഴിലാളികളുടെ എണ്ണത്തിൽ ഇടിവ്; 20 ലക്ഷത്തിൽനിന്ന് 7.38 ലക്ഷത്തിലെത്തി

ckmnews

ക്ഷേമനിധിയിലെ കർഷകത്തൊഴിലാളികളുടെ എണ്ണത്തിൽ ഇടിവ്; 20 ലക്ഷത്തിൽനിന്ന് 7.38 ലക്ഷത്തിലെത്തി


പാലക്കാട്:കാർഷികമേഖലയിൽ ഉൽപാദന വർധനയ്ക്കു സർക്കാർ ശ്രമങ്ങൾ നടത്തുമ്പോഴും കർഷകത്തൊഴിലാളികളുടെ എണ്ണത്തിൽ വൻ കുറവ്. പത്തുവർഷം മുൻപ് 20 ലക്ഷത്തോളം അംഗങ്ങളുണ്ടായിരുന്ന കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇപ്പോഴുള്ളത് 7.38 ലക്ഷത്തോളം പേർ മാത്രം. പ്രളയം, കോവിഡ് പ്രതിസന്ധിക്കു ശേഷം അംഗത്വം ഒഴിവായത് 8 ലക്ഷത്തിലേറെ പേരാണ്. വിരമിച്ചവരുണ്ടെങ്കിലും ഭൂരിഭാഗം പേരും അംഗത്വം പുതുക്കാത്തതാണ്. ഇവരെ വീണ്ടും ബോർഡിലേക്കു കൊണ്ടുവരുന്നതിനായി വിപുലമായ പ്രചാരണം ഒരു വർഷമായി നടത്തിയെങ്കിലും തിരിച്ചുവന്നത് 24,180 പേർ മാത്രം. 


കർഷകത്തൊഴിലാളികളുടെ വിരമിക്കൽ ആനുകൂല്യം നൽകുന്നതിനു പോലും കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിനു സർക്കാർ പണം നൽകുന്നില്ല. ദീർഘകാലത്തെ അധ്വാനത്തിനു ശേഷം വിശ്രമജീവിതത്തിൽ ആശ്വാസമാകേണ്ട ‘അ‌ധിവർഷാനുകൂല്യം’ ലഭിക്കാനുള്ളത് മൂന്നുലക്ഷത്തിലധികം പേർക്കാണ്. ക്ഷേമനിധി ബോർഡിൽ അംശദായം അടച്ചവർക്കാണ് ഈ ഗതികേട്. കുടിശിക കൊടുക്കുന്നതിനു 450 കോടി രൂപയെങ്കിലും വേണം. ബജറ്റിലും മറ്റും പ്രഖ്യാപിക്കുന്ന തുക പലപ്പോഴും ബോ‍ർഡിനു ലഭിക്കാറില്ല. 



യന്ത്രവൽക്കരണം വന്നതോടെ തൊഴിലാളികളുടെ ആവശ്യം കുറഞ്ഞതാണ് ഈ മേഖലയിലേക്ക് ആളുകൾ വരാത്തതെന്നു സർക്കാർ പറയുമ്പോഴും ശരിയല്ലെന്നു കർഷകർ പറയുന്നു. യന്ത്രവൽകൃതമല്ലാത്ത പല ജോലികളും ചെയ്യുന്നതിന് ഇപ്പോൾ അതിഥിത്തൊഴിലാളികളെ എത്തിക്കുകയാണ്. തൊഴിലാളികളെ ഉറപ്പാക്കാൻ കാർഷികകർമ സേനപോലെയുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും കാര്യക്ഷമമല്ല.