19 April 2024 Friday

സഹപ്രവർത്തകൻ കൊല്ലുമെന്ന് എനോസ് സന്ദേശമയച്ചെന്ന് കുടുംബം; കടലിൽ ചാടിയതെന്ന് സഹപ്രവർത്തകൻ

ckmnews

സഹപ്രവർത്തകൻ കൊല്ലുമെന്ന് എനോസ് സന്ദേശമയച്ചെന്ന് കുടുംബം; കടലിൽ ചാടിയതെന്ന് സഹപ്രവർത്തകൻ


മുംബൈ ∙ പത്തനംതിട്ട സ്വദേശിയായ യുവ എൻജിനീയർ എനോസ് വർഗീസിനെ കടലിൽ വീണു കാണാതായ സംഭവത്തിൽ സഹപ്രവർത്തകനായ ഗുജറാത്ത് സ്വദേശിയുടെ പങ്ക് അന്വേഷിക്കണമെന്ന് കുടുംബാംഗങ്ങൾ മുംബൈ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ വെള്ളിയാഴ്ചയാണ്  ഒഎൻജിസിയുടെ എണ്ണസംസ്കരണ പ്ലാറ്റ്ഫോമിൽ നിന്നു വീണ് യുവാവിനെ കാണാതായത്. എനോസ് കടലിലേക്ക് ചാടിയെന്നാണ് സഹപ്രവർത്തകനായ ഗുജറാത്ത് സ്വദേശി കരൺ പറയുന്നത്. എന്നാൽ, കരൺ കൊലപാതകിയാണെന്നും തന്നെയും കൊല്ലുമെന്നും എനോസ് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നെന്ന് പിതാവ് ഗീവർഗീസ് പറയുന്നു.


ഒഎൻജിസിക്കായി (ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ) കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സിസ്റ്റം പ്രൊട്ടക‌്‌ഷൻ എന്ന കമ്പനിയിലെ ഇലക്ട്രിക്കൽ എൻജിനീയറാണ് അടൂർ പഴകുളം ഓലിക്കൽ ഗ്രേസ് വില്ലയിൽ എനോസ്.


വെള്ളിയാഴ്ച രാത്രി കാണാതായി എന്നാണ് സിസ്റ്റം പ്രൊട്ടക‌്‌ഷൻ കമ്പനി വീട്ടുകാരെ അറിയിച്ചത്. ഗുജറാത്ത് ആസ്ഥാനമായ കമ്പനിയിൽ എനോസ് ഒരു വർഷമായി ജോലി ചെയ്യുന്നു. മൂന്നാഴ്ച മുൻപാണ് ഒഎൻജിസിയിലെ കരാർ ജോലിക്കായി കമ്പനി അയച്ചത്. മുംബൈ നഗരത്തിൽ നിന്ന് 150 കിലോമീറ്റർ അകലെ കടലിൽ ഉള്ള ബോംബെ ഹൈ സൗത്ത് എന്ന എണ്ണസംസ്കരണ പ്ലാറ്റ്ഫോമിലായിരുന്നു സംഭവ സമയത്ത് ജോലി.