28 March 2024 Thursday

സ്വ‍‍ർണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും; കൊച്ചിയിലെത്താൻ എൻഫോഴ്സ്മെൻ്റ് നോട്ടീസ് നൽകി

ckmnews

കൊച്ചി: സ്വർണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകനും നടനുമായ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും. എൻഫോഴ്സ്മെൻ്റ് ആണ് ബിനീഷ് കോടിയേരിയോട് നാളെ ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കൊച്ചിയിലെ എൻഫോഴ്സ്മെൻ്റെ ഓഫീസിൽ നാളെ ചോദ്യംചെയ്യല്ലിന് ഹാജരാവണമെന്നാണ് ബിനീഷ് കിട്ടിയ നിർദേശം.തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണകള്ളക്കടത്തിന് പിന്നിലെ ഹവാല ,ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നാണ് സൂചന. കള്ളക്കടത്ത്സംഘം ഫണ്ടിനായി ബംഗ്ലൂരുവിലെ മയക്കുമരുന്ന്  റാക്കറ്റിനെ സമീപിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് സെല്ലിൻ്റെ പിടിയിലുള്ള അനൂപ് മുഹമ്മദ് അടക്കമുള്ളവരുടെ സഹായമാണ് കള്ളക്കടത്ത് സംഘം തേടിയത്. 


സ്വർണകള്ളക്കടത്ത് കേസിൻ്റെ മുഖ്യആസൂത്രകനെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയ കെടി റമീസാണ് മുഹമ്മദ് അനൂപുമായി ബന്ധപ്പെട്ടത്. മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും തമ്മിൽ ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് എൻഫോഴ്സ്മെൻ്റ ബിനീഷിനെ ചോദ്യം ചെയ്യുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബിനീഷ് എന്തെങ്കിലും പങ്കുണ്ടോയെന്ന് എൻഫോഴ്സ്മെൻ്റ് പരിശോധിക്കും. 


ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും എൻഫോഴ്സ്മെൻ്റിൻ്റെ അന്വേഷണം. ഈ കമ്പനികൾ അനധികൃത ഇടപാടിന് മറയാക്കിയോ എന്ന് കേന്ദ്ര ഏജൻസികൾ പരിശോധിച്ചു വരികയാണ്. നാളെ നടക്കുന്ന ചോദ്യം ഈ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ബിനീഷ് കോടിയേരിയിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ തേടും.