28 March 2024 Thursday

ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ ഒഴിവാക്കാനുള്ള നടപടിയുമായി റെയിൽവേ,ജനശതാബ്ദി അടക്കം കേരളത്തിലോടുന്ന 3 സ്പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയിൽവേ

ckmnews


കൊവിഡ് കാല പ്രതിസന്ധി മറികടക്കാൻ ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ ഒഴിവാക്കാനുള്ള നടപടിയുമായി റെയിൽവേ. ഇതനുസരിച്ച് കേരളത്തിലെയും നിരവധി സ്റ്റോപ്പുകൾ ഒഴിവാക്കാൻ തീരുമാനമായി. കേരള എക്‌സ്പ്രസ്, നേത്രാവതി, ശബരി, ജയന്തിജനത, ഐലൻഡ്, കൊച്ചുവേളി- മൈസുരു, ഏറനാട്, ഇൻറർസിറ്റി, വഞ്ചിനാട്, ജനശതാബ്ദി തുടങ്ങി ട്രെയിനുകളുടെ നിരവധി സ്റ്റോപ്പുകളാണ് ഒഴിവാക്കിയത്.



യാത്രക്കാരില്ലെന്ന കാരണം നിരത്തി കേരളത്തിൽ ഒാടുന്ന 3 സ്പെഷൽ ട്രെയിനുകൾ റദ്ദാക്കി റെയിൽവേ. തിരുവനന്തപുരം– കോഴിക്കോട്, തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദി സ്പെഷലുകളും തിരുവനന്തപുരം– എറണാകുളം വേണാട് സ്പെഷലുമാണ് ഈ മാസം 12 മുതൽ റദ്ദാക്കുന്നത്. എന്നാൽ സ്റ്റോപ്പുകൾ കുറച്ചതാണു യാത്രക്കാരില്ലാത്തതിനു പ്രധാന കാരണമെന്നു യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.


തിരുവനന്തപുരം– എറണാകുളം വേണാട് മടക്ക യാത്രയിൽ ഉച്ചയ്ക്കു ഒരു മണിക്കാണു എറണാകുളത്തു നിന്നു പുറപ്പെടുന്നത്. ഇത് മൂലം ഉദ്യോഗസ്ഥർക്കും ദിവസ ജോലിക്കാർക്കും വൈകിട്ടു മടങ്ങാൻ ട്രെയിനില്ലാത്ത സ്ഥിതിയാണ്. തിരുവനന്തപുരം–ഷൊർണൂർ റൂട്ടിൽ വേണാട് പുനസ്ഥാപിച്ചു പതിവ് സമയമായ അഞ്ചരയോടെ എറണാകുളത്തു നിന്നു പുറപ്പെട്ടാൽ ട്രെയിനിൽ ആളുണ്ടാകും. ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമായി സ്റ്റോപ്പുകൾ നിജപ്പെടുത്തിയതും ഒരു മണിക്കൂർ മുൻപു സ്റ്റേഷനിലെത്തണമെന്ന നിബന്ധനയുമാണു യാത്രക്കാരുടെ എണ്ണം കുറച്ചത്.


രാവിലെ ജനശതാബ്ദിയിൽ യാത്ര ചെയ്യണമെങ്കിൽ ഒരു മണിക്കൂർ നേരത്തെ സ്റ്റേഷനിലെത്താൻ സംസ്ഥാനത്തിന്റെ പല ഭാഗത്തും വാഹന സൗകര്യം ലഭ്യമല്ലെന്ന കാര്യം അധികൃതർ മനസ്സിലാക്കുന്നില്ലെന്നും യാത്രക്കാരുടെ സംഘടനകൾ കുറ്റപ്പെടുത്തി. പ്രധാന ടൗണുകളിലെങ്കിലും സ്റ്റോപ്പുകൾ നൽകി േകരളത്തിനുളളിൽ ട്രെയിൻ സർവീസ് പുനസ്ഥാപിക്കണമെന്നും അവർ പറഞ്ഞു.


ഞങ്ങളുടെ ദുരിതം കാണാതെ പോകരുത്


റെയിൽവേ സ്ഥിരം സർവീസുകൾ പുനസ്ഥാപിക്കാത്തതു മൂലം ദുരിതത്തിലായിരിക്കുന്നതു കൊച്ചി നഗരത്തിൽ ജോലിക്കെത്തുന്ന ആയിരങ്ങളാണ്. കോവിഡ് മൂലം പല സ്ഥാപനങ്ങളും ശമ്പളം കുറയ്ക്കുകയും കൂടി ചെയ്തതോടെ കുടുംബ ബജറ്റുകൾ താളം തെറ്റി. ട്രെയിനില്ലാതായതോടെ വാടക ടൂറിസ്റ്റ് ബസ്, കാറുകൾ എന്നിവയിലും ഇരുചക്ര വാഹനങ്ങളിലുമാണു ഇവരുടെ യാത്ര. നഗരത്തിലെ സ്വകാര്യ ആശുപത്രയിൽ ജോലി ചെയ്യുന്ന കൊടകര സ്വദേശി രാധിക 2800 മുതൽ 3000 രൂപ വരെയാണു എല്ലാ മാസവും ഇപ്പോൾ യാത്രയ്ക്കായി ചെലവാക്കുന്നത്.


50 പേർ ചേർന്നു കൊടകരയിൽ നിന്ന് ഒരു ടൂറിസ്റ്റ് ബസ് വിളിച്ചാണു ജോലിക്കു പോകുന്നത്. ഇതിലെ യാത്രക്കാർക്കു പലർക്കും പകുതി ദിവസമാണു ജോലിയുളളത്. കുറഞ്ഞ ശമ്പളത്തിൽ നിന്നു വേണം ചെലവുകളെല്ലാം നടത്താനെന്നു രാധിക പറഞ്ഞു. ട്രെയിനിൽ ഒരു മാസം യാത്ര ചെയ്യാൻ സീസൺ ടിക്കറ്റിനു 200 രൂപ മാത്രം ചെലവായിരുന്ന സ്ഥാനത്താണു 3000 രൂപ വേണ്ടി വരുന്നത്.


ഇരിങ്ങാലക്കുടയിൽ നിന്നു എറണാകുളത്തേക്കു ബൈക്കിൽ പോകുന്ന ബൈജുവിനു പെട്രോളിന് തന്നെ മാസം 4000 രൂപ വേണം. വളരെ ചെറിയ ശമ്പളത്തിനു ജോലി ചെയ്യുന്നവർ കടുത്ത പ്രതിസന്ധിയിലാണെന്നു ജോലിക്കാർ പറഞ്ഞു. 15,000 രൂപ ശമ്പളമുണ്ടെങ്കിൽ 5000 രൂപ പെട്രോളിന് നീക്കി വച്ചാൽ ഭാര്യയും 2 കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾ ചെലവു നടത്താൻ കടം വാങ്ങണം. രാവിലെ 7ന് സ്കൂട്ടറുകളിൽ ജോലി സ്ഥലത്തേക്കു തിരിക്കുന്നവരുമുണ്ട്. ഷെയറിട്ട് കാറിൽ പോകുന്നവരും ഉണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റിന്റോ 200 രൂപയും ഷിപ്പ്‌യാഡിൽ ജോലി ചെയ്യുന്ന രജീഷ് 650 രൂപ വീതവുമാണു എല്ലാ ദിവസവും ചെലവാക്കുന്നത്.


ഷൊർണൂരിൽ നിന്നു എറണാകുളത്തേക്കു രാവിലെയും വൈകിട്ടും പ്രധാന സ്റ്റേഷനുകളിൽ നിർത്തുന്ന എക്സ്പ്രസ് ട്രെയിനെങ്കിലും ഓടിക്കാൻ റെയിൽവേ തയാറാകണമെന്നും ഇതിനായി ജനപ്രതിനിധികൾ ഇടപെടണമെന്നും യാത്രക്കാർ പറഞ്ഞു. കോട്ടയം, കൊല്ലം, ആലപ്പുഴ ഭാഗത്തു നിന്നുളള യാത്രക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. വൈകിട്ട് എറണാകുളത്തു നിന്നു കോട്ടയം ഭാഗത്തേക്കു പോകാൻ ഒരു ട്രെയിൻ പോലുമില്ലാത്ത സ്ഥിതിയാണെന്നു ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പോൾ മാൻവട്ടം പറഞ്ഞു. ടിക്കറ്റ് റിസർവ് ചെയ്തു യാത്ര ചെയ്യാനും തങ്ങൾ തയാറാണെന്നു യാത്രക്കാർ പറയുന്നു



ട്രെയിനുകളുടെ ഒഴിവാക്കിയ സ്‌റ്റോപ്പുകൾ


12625 /12626 തിരുവനന്തപുരം- ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (വർക്കല ശിവഗിരി, മാവേലിക്കര, ചങ്ങനാശേരി, വൈക്കം റോഡ്, ഒറ്റപ്പാലം) 


16345/16346 തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്സ് (വർക്കല ശിവഗിരി, കരുനാഗപ്പള്ളി, ഹരിപ്പാട്, ചേർത്തല, ബൈന്ദൂർ മൂകാംബിക റോഡ്)


16381/16382 കന്യാകുമാരി- മുംബൈ CST ജയന്തി ജനതാ എക്‌സ്പ്രസ് (പാറശാല, ചിറയിൻകീഴ്, കടയ്ക്കാവൂർ, പരവൂർ, കരുനാഗപ്പള്ളി, യാദ്ഗിർ)


17229/17230 തിരുവനന്തപുരം- ഹൈദരാബാദ് ശബരി എക്‌സ്പ്രസ്സ് (വർക്കല ശിവഗിരി, കരുനാഗപ്പള്ളി, കായംകുളം ജംഗ്ഷൻ, മാവേലിക്കര, മൊറാപ്പൂർ)


16525/16526 കന്യാകുമാരി- KSR ബംഗളൂരു സിറ്റി ഐലന്റ് എക്‌സ്പ്രസ് (പളളിയാടി, കുഴിത്തുറ വെസ്റ്റ്, പാറശാല, ധനുവച്ചപുരം, തിരുവനന്തപുരം പേട്ട, ചിറയിൻകീഴ്, കടയ്ക്കാവൂർ, പരവൂർ, ശാസ്താംകോട്ട, പിറവം റോഡ്, തൃപ്പൂണിത്തുറ, പുതുക്കാട്)


16315/16316 കൊച്ചുവേളി- മൈസൂർ എക്‌സ്പ്രസ്സ് (കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, ആലുവ, തിരുപ്പൂർ, തിരുപ്പത്തൂർ, കുപ്പം)


16605/16606 നാഗർകോവിൽ- മംഗലാപുരം ഏറനാട് എക്‌സ്പ്രസ്സ് (കുഴിത്തുറ, ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, തുറവൂർ, ആലുവ, ചാലക്കുടി, പട്ടാമ്പി)


16649/16650 നാഗർകോവിൽ- മംഗലാപുരം പരശുറാം എക്‌സ്പ്രസ് (പരവൂർ, ശാസ്താംകോട്ട, തൃപ്പൂണിത്തുറ)


16341/16342 തിരുവനന്തപുരം- ഗുരുവായൂർ ഇന്റ്ർസിറ്റി എക്‌സ്പ്രസ്സ് (മയ്യനാട്, മാരാരിക്കുളം)


16303/16304 എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്സ് (തൃപ്പൂണിത്തുറ, മുളന്തുരുത്തി, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പരവൂർ, ചിറയിൻകീഴ്)


16603/16604 തിരുവനന്തപുരം- മംഗലാപുരം മാവേലി എക്‌സ്പ്രസ്സ് (കരുനാഗപ്പള്ളി)


16347/16348 തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ്സ് (മയ്യനാട്)


16349/16350 തിരുവനന്തപുരം- നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ്സ് (തുവ്വൂർ, വലിയപുഴ)


12623/12624 തിരുവനന്തപുരം- MGR ചെന്നൈ സെൻട്രൽ ചെന്നൈ സൂപ്പർഫാസ്റ്റ് മെയിൽ (ആവടി)


*12695/12696 തിരുവനന്തപുരം- MGR ചെന്നൈ സെൻട്രൽ ചെന്നൈ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (വർക്കല ശിവഗിരി, മാവേലിക്കര, തിരുവല്ല, ചങ്ങനാശേരി, വാണിയമ്പാടി, അറക്കോണം)


12075/12076 തിരുവനന്തപുരം- കോഴിക്കോട് ജൻശതാബ്ദി എക്‌സ്പ്രസ്സ് (ആലുവ)


12081/12082 തിരുവനന്തപുരം- കണ്ണൂർ ജൻശതാബ്ദി എക്‌സ്പ്രസ്സ് (മാവേലിക്കര)


12201/12202 കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ് രഥ് എക്‌സ്പ്രസ്സ് (കായംകുളം ജംഗ്ഷൻ , ചെങ്ങന്നൂർ, തിരുവല്ല, തിരൂർ, കാസർഗോഡ്)