18 April 2024 Thursday

ട്വിറ്ററിന് പിന്നാലെ ബ്ലൂ ടിക് വെരിഫിക്കേഷന് പണം ഈടാക്കാൻ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും

ckmnews

സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിച്ച് മെറ്റ. പ്രതിമാസം 990 രൂപ മുതൽ വെരിഫൈഡ് അക്കൗണ്ടുകൾ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്. പ്രതിമാസ നിരക്കിൽ ബ്ലൂ ടിക്ക് ബാഡ്ജിന് സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുകയാണെന്ന് മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു. 


ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ സബ്‌സ്‌ക്രിപ്‌ഷൻ സേവനം തുടങ്ങുന്നതോടെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ബ്ലൂടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ പണം നൽകേണ്ടി വരും. “ഞങ്ങളുടെ സേവനങ്ങളിലുടനീളം ആധികാരികതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനാണ് ഈ പുതിയ ഫീച്ചർ,” മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.

സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഈ ആഴ്ച ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും പുറത്തിറക്കും, മറ്റ് രാജ്യങ്ങളിൽ ക്രമേണ എത്തുമെന്നാണ് സൂചന. ട്വിറ്ററിനെ പിന്തുടർന്നാണ്‌ മെറ്റ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ മാസം ട്വിറ്റർ ബ്ലൂ ടിക്കിന്റെ വില പ്രതിമാസം 11 ഡോളർ, അഥവാ 900 രൂപയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്വിറ്ററിനെ ടെസ്‌ല സിഇഒ ഇലോൺ മാസ്ക് ഏറ്റെടുത്തതിന് ശേഷമാണു പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയത്