24 April 2024 Wednesday

കൂറ്റനാട് എളവാതുക്കൽ ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷം ഇന്ന് നടക്കും

ckmnews

കൂറ്റനാട് എളവാതുക്കൽ ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷം ഇന്ന് നടക്കും


കൂറ്റനാട് : എളവാതുക്കൽ ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷം തിങ്കളാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. 13-ന് തന്ത്രിയുടെ നേതൃത്വത്തിൽ കൂത്ത് കൂറയിട്ടിരുന്നു.തുടർന്നുള്ള ദിവസങ്ങളിൽ ദീപാരാധനയ്ക്കുശേഷം ക്ഷേത്രാങ്കണത്തിൽ മാജിക്‌ഷോ, നൃത്തങ്ങൾ, തിരുവാതിരക്കളി, ഓട്ടൻതുള്ളൽ തുടങ്ങിയ പരിപാടികൾ നടന്നു. പ്രഥമ ഊരാളനായ അയ്യപ്പന്റെ സ്മരണാർഥം തിരുമുറ്റത്തിന്റെയും കാര്യാലയത്തിന്റെയും സമർപ്പണം നടന്നു.

പൂരംദിവസം പ്രത്യേകപൂജകൾക്ക് തന്ത്രി പൊട്ടക്കുഴി നാരായണൻ നമ്പൂതിരി മുഖ്യ കാർമികനാവും. വൈകീട്ട് 4.30-ന് ശേഷം ദേവസ്വത്തിന്റെ ആന, പഞ്ചവാദ്യം എഴുന്നള്ളിപ്പ് നടക്കും.തുടർന്ന്,ക്ഷേത്രനടയിലെത്തുന്ന വിവിധ ഉപകമ്മിറ്റികൾക്ക് ആഘോഷപരിപാടികൾക്കായി നിശ്ചിതസമയം ക്രമപ്പെടുത്തി നൽകിയിട്ടുണ്ട്.നന്ദിയംകോട് ദേശം പൂരാഘോഷക്കമ്മിറ്റിയുടെ ആന, പഞ്ചവാദ്യം എന്നിവയും കോമംഗലം നവയുഗ പൂരാഘോഷക്കമ്മിറ്റിയുടെ ആന, മേളം, ആട്ടം എന്നിവയും കുന്നത്ത് ഉത്സവസംഘത്തിന്റെ ആന, പഞ്ചവാദ്യം എന്നിവയും മൈത്രി ഉല്ലാസ് നഗറിന്റെ ആന, പഞ്ചവാദ്യം എന്നിവയും എളവാതുക്കൽ യൂത്ത് വിങ്ങിന്റെ പാലത്തറ മേളം, ആന, നാടകം എന്നിവയും കൂറ്റനാട് സെൻറർ കമ്മിറ്റിയുടെ തിറ-പൂതനും പിലാക്കിട്ടിരി റോഡ് കിങ് ഓഫ് കിങ്‌സിന്റെ തകിൽ, നാദസ്വരം എന്നിവയും തിരുത്തിപ്പാറ പള്ളിയാലിൽ പൂരാഘോഷക്കമ്മിറ്റിയുടെ തകിൽ, നാദസ്വരം, കാവടിയാട്ടം എന്നിവയും വലിയപറമ്പ് കളിയാട്ടം കമ്മിറ്റിയുടെ ചെണ്ടമേളവും കോമംഗലം യുവധ്വനിയുടെ തകിൽ, നാദസ്വരം, കാള എന്നിവയും ആഘോഷത്തിന്‌ മാറ്റുകൂട്ടും.