28 March 2024 Thursday

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ ഇന്ത്യയിലെത്തിച്ചു; രാജ്യത്ത് ചീറ്റകളുടെ എണ്ണം 20 ആയി

ckmnews

ഗ്വാളിയാർ: ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ സി 17 വിമാനത്തിലാണ് ഇവയെ കൊണ്ടുവന്നത്. മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്ക് ഇവയെ എത്തിച്ചു. വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകളിലാണ് ചീറ്റകളെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ചത്.


നമീബിയയിൽ നിന്നു സെപ്റ്റംബർ 17ന് ഇന്ത്യയിലെത്തിച്ച 8 ചീറ്റകൾ കുനോ ദേശീയ ഉദ്യാനത്തിൽ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവയെക്കൂടെ ഇവിടെ എത്തിച്ചതോടെ ആകെ ചീറ്റകളുടെ എണ്ണം 20 ആവും

ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിച്ചത്. ഒരു മാസം ചീറ്റകളെ ക്വാറന്റൈനില്‍ പാര്‍പ്പിക്കും. ആഫ്രിക്കയില്‍ നിന്ന് ഇവയ്ക്ക് ആവശ്യമായ വാക്‌സീനുകള്‍ ലഭ്യമാക്കിയിരുന്നു. 2009 ൽ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്. 7 പതിറ്റാണ്ടുകൾക്കു മുൻപാണ് ഇന്ത്യയിൽ ചീറ്റകൾക്കു വംശനാശം വന്നത്.