20 April 2024 Saturday

സംസ്ഥാനതല തദ്ദേശദിനാഘോഷം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ckmnews

സംസ്ഥാനതല തദ്ദേശദിനാഘോഷം ഇന്ന് മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും


ചാലിശ്ശേരി:തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിന് ശേഷം നടക്കുന്ന ആദ്യ തദ്ദേശ ദിനാഘോഷം ഇന്ന് രാവിലെ 10 ന്  തൃത്താല ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.തദ്ദേശസ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷത വഹിക്കും.വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി മുഖ്യാതിഥിയായിരിക്കും.


എം പിമാരായ വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ഇ ടി മുഹമ്മദ് ബഷീർ, തദ്ദേശ സ്വയംഭരണ വകുപ്പ് മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. തുടർന്ന് തൊഴിൽ സഭയും ഒ എൽ ഒ ഐ പ്രത്യേക പരിപാടികളുടെ പ്രഖ്യാപനവും പുതിയ ക്രൂസ് ഉല്പന്നങ്ങളുടെ പുറത്തിറക്കലും നടക്കും.


എം എൽ എമാരായ പി മമ്മിക്കുട്ടി, പി പി സുമോദ്, മുഹമ്മദ് മുഹ്സിൻ, കെ പ്രേംകുമാർ, കെ ശാന്തകുമാരി, എൻ ഷംസുദ്ധീൻ, എ പ്രഭാകരൻ, ഷാഫി പറമ്പിൽ, കെ ബാബു, കെ ഡി പ്രസേനൻ, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, പാലക്കാട് ജില്ലാ കലക്ടർ, ഡോ എസ് ചിത്ര, എൽ എസ് ജി ഡി ഡയറക്ടർമാരായ എച്ച് ദിനേശൻ, അരുൺ കെ വിജയൻ, ആസൂത്രണ ബോർഡ് അംഗം ജിജു പി അലക്സ് , എൽ എസ് ജി ഡി ചീഫ് എഞ്ചിനീയർ കെ ജോൺസൺ, എൽ എസ് ജി ഡി ചീഫ് ടൗൺ പ്ലാനർ സി പി പ്രമോദ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് ചേംബർ അദ്ധ്യക്ഷ കെ ജി രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ അദ്ധ്യക്ഷൻ ബി പി മുരളി, മേ യേഴ്സ് കൗൺസിൽ അദ്ധ്യക്ഷൻ എം അനിൽ കുമാർ, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമെൻ അദ്ധ്യക്ഷൻ എം കൃഷ്ണദാസ്, കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ അദ്ധ്യക്ഷ കെ എം ഉഷ, കെ ഡിസ്റ്റ് മെമ്പർ സെക്രട്ടറി ഡോ പി വി ഉണ്ണിക്കൃഷ്ണൻ എന്നിവർ ആശംസകളർപ്പിക്കും.തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് സ്വാഗതവും പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം നന്ദിയും പറയും.ഉദ്ഘാടനത്തിനു ശേഷം ഗോപി പാലഞ്ചീരി ഏകോപനം നിർവഹിച്ച 'നോ ടു ഡ്രഗ്സ്' എന്ന ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. തുടർന്ന് 'സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങൾ ഉറപ്പാക്കൽ' എന്ന വിഷയത്തിൽ നടക്കുന്ന പൊതു സെഷൻ റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷത വഹിയ്ക്കും.


ഉദ്ഘാടന ദിനത്തിൽ മൂന്ന് സെമിനാറുകൾ നടക്കും. വേദി ഒന്നിൽ 2 മണിയ്ക്ക് 'അതി ദരിദ്രർക്കായുള്ള മൈക്രോ പ്ലാൻ നിർവഹണവും മോണിറ്ററിങ്ങും - പ്രായോഗിക നടപടികൾ' 3 മണിക്ക് 'ശുചിത്വ കേരളം - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമകൾ' എന്നീ വിഷയങ്ങളിലാണ് സെമിനാറുകൾ. വേദി 2 ൽ 2 മണിയ്ക്ക് 'പ്രാദേശിക സാമ്പത്തിക വികസനം - തൊഴിലാസൂത്രണവും സംരംഭങ്ങളും' എന്ന വിഷയത്തിലും സെമിനാർ നടക്കും.


വൈകിട്ട് 4 മണിയ്ക്ക് അൻസാരി കൺവെൻഷൻ സെന്ററിൽ മുരളി മേനോന്റെ സിത്താർ വാദനവും 5 മണിക്ക് ചവിട്ടുകളിയും അരങ്ങേറും. മുല്ലയം പറമ്പ് മൈതാനിയിൽ വൈകിട്ട് 6 ന് വയലി ബാംബൂ മ്യൂസിക്കും 8 ന് സിതാര കൃഷ്ണകുമാറിന്റെയും സംഘത്തിന്റെയും പ്രൊജക്ട് മലബാറിക്കസ് മ്യൂസിക് ഷോയും അരങ്ങേറും. മുല്ലയം പറമ്പ് മൈതാനിയിൽ നടക്കുന്ന പ്രദർശന - വിപണന - ഭക്ഷ്യ - പുഷ്പമേള രാവിലെ 10 മുതൽ രാത്രി 9 വരെ ജനങ്ങൾക്ക് സന്ദർശിക്കാം. പ്രവേശനം സൗജന്യമാണ്. വെള്ളിയാങ്കല്ലിൽ ഡി ടി പി സിയുടെ കയാക്കിങ് ഫെസ്റ്റും ഇന്ന് ആരംഭിയ്ക്കും