23 April 2024 Tuesday

കൽപ്പറ്റയിൽ എംഡിഎംഎ പിടികൂടിയ കേസ്; സ്ത്രീയടക്കം മൂന്നുപേര്‍ കൂടി അറസ്റ്റില്‍

ckmnews

വയനാട് : നഗരത്തില്‍ പരിശോധനക്കിടെ എംഡിഎംഎയും മയക്കുഗുളികകളും പിടികൂടിയ സംഭവത്തില്‍ വീണ്ടും അറസ്റ്റ്. സ്ത്രീയടക്കം മൂന്നു പേരാണ് പുതിയതായി പിടിയിലായിരിക്കുന്നത്. മുട്ടില്‍ കൊട്ടാരം വീട്ടില്‍ മുഹമ്മദ് ഷാഫി (35), മുട്ടില്‍ പരിയാരം എറമ്പന്‍ വീട്ടില്‍ അന്‍ഷാദ് (27), താഴെമുട്ടില്‍ കാവിലപ്പറമ്പ് വീട്ടില്‍ സാജിത (40) എന്നിവരാണ് അറസ്റ്റിലായത്. 


കോഴിക്കോട് പുതിയങ്ങാടി സ്വദേശി കുഞ്ഞിരായിന്‍കണ്ടി വീട്ടില്‍ ഷഫീഖിനെ (37) പൊലീസ് ചൊവ്വാഴ്ച രാത്രി അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വൈകുന്നേരത്തോടെയാണ് മറ്റുള്ളവരെയും പിടികൂടിയത്. എമിലി-ഭജനമഠം റോഡില്‍ പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ മയക്കുമരുന്ന് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായായിരുന്നു ഷഫീഖ് പിടിയിലായത്. 46.9 ഗ്രാം എം.ഡി.എം.എയും 17.5 ഗ്രാമിന്റെ 29 മയക്കുഗുളികകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഷഫീഖിനെ ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ കൂടുതല്‍ പേരുണ്ടെന്ന് വ്യക്തമായത്.

ഇപ്പോള്‍ പിടിയിലായ മൂന്നുപേരടക്കം നാലുപേരും ഒരുമിച്ചാണ് കാറില്‍ ബംഗളൂരുവിലെത്തി മയക്കുമരുന്ന് വാങ്ങി കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാളായ മുഹമ്മദ് ഷാഫിക്ക് എമിലിയില്‍ വാടകവീടുമുണ്ട്. ഈ വീട്ടിലേക്ക് മയക്കുമരുന്നുമായി പോകുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി ഷഫീഖ് പൊലീസിന്റെ പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ മുഹമ്മദ് ഷാഫിയാണ് പണം മുടക്കിയതെന്നും പൊലീസ് പറഞ്ഞു. കല്‍പറ്റ ഇന്‍സ്പെക്ടര്‍ പി.എല്‍. ഷൈജു, എസ്.ഐ. ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.