20 April 2024 Saturday

സംസ്ഥാനതല തദ്ദേശദിനാഘോഷം:പ്രദര്‍ശന-വിപണന-ഭക്ഷ്യ-പുഷ്പമേളയ്ക്ക് തുടക്കം

ckmnews


സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 19 വരെ ചാലിശ്ശേരി മുല്ലയംപറമ്പ് ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന - വിപണന - ഭക്ഷ്യ - പുഷ്പ മേളക്ക് ഇന്ന് (ഫെബ്രുവരി 16) തുടക്കമാവും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി ഒന്‍പത് വരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമായിരിക്കും. പ്രദര്‍ശന-വിപണന പവലിയനില്‍ 66 സ്റ്റാളുകളാണ് സജ്ജീകരിച്ചത്. മേള പവലിയനും കലാ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള വേദിയും മൈതാനത്ത് തയ്യാറായിട്ടുണ്ട്. പ്രധാന പവലിയന്‍ കഴിഞ്ഞ് തെക്ക് ഭാഗത്ത് ഭക്ഷണ സ്റ്റാളും പുഷ്പമേളയും സജ്ജീകരിച്ചിട്ടുണ്ട്. പ്രദര്‍ശന സ്റ്റാളുകള്‍ കണ്ടു കഴിഞ്ഞാല്‍ ഭക്ഷ്യ മേളയിലേക്കെത്തുകയും അവിടെ നിന്ന് പുഷ്പമേളയിലേക്കെത്തി അത് കണ്ട് കലാപരിപാടികള്‍ നടക്കുന്ന വേദിയ്ക്ക് മുന്നിലേക്കെത്തുകയും ചെയ്യുന്നതാണ് പവലിയന്റെ ഘടന. മാടക്കത്തറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പുഷ്പമേള നടത്തുന്നത്. പൂന്തോട്ട നിര്‍മാണം, പരിപാലനം എന്നിവയില്‍ തല്‍പരരായവര്‍ക്ക് അതിനാവശ്യമായ സാധനങ്ങള്‍ മേളയില്‍ എത്തി വാങ്ങാവുന്നതാണ്. മേള സന്ദര്‍ശിക്കുന്നവര്‍ക്ക് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള തനത് ഭക്ഷ്യ വിഭവങ്ങള്‍ ആസ്വദിയ്ക്കുന്നതിന് കുടുംബശ്രീ ഭക്ഷ്യമേള ഒരുക്കുന്നുണ്ട്. ആറ് സ്റ്റാളുകളാണ് ഭക്ഷ്യമേളയിലുണ്ടാവുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകരാണ് ഭക്ഷണ സ്റ്റാളുകളില്‍ വിഭവങ്ങള്‍ തയ്യാറാക്കുക. വൈകിട്ട് ആറിന് ലിറ്റല്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ്  തിയ്യേറ്റര്‍ അവതരിപ്പിക്കുന്ന  'ക്ലാവര്‍ റാണി' നാടകവും രാത്രി എട്ടിന് കൂറ്റനാട് ഫോക്ക് വോയ്സിന്റെ നാടന്‍പാട്ടും അരങ്ങേറും.


ഫെബ്രുവരി  17 ന്


വൈകിട്ട് ആറിന് കലാമണ്ഡലം പെരിങ്ങോട് ചന്ദ്രന്‍ നേതൃത്വം നല്‍കുന്ന 101 പേരുടെ പഞ്ചവാദ്യം രാത്രി എട്ടിന് ഞമനങ്ങോട് തിയേറ്റര്‍ അവതരിപ്പിക്കുന്ന നാടകം 'പാട്ടബാക്കി'


ഫെബ്രുവരി   18 ന്


വൈകിട്ട് നാലിന് ചവിട്ടുകളി, അഞ്ചിന് മുരളീ മേനോന്റെ സിത്താര്‍ വാദനം (അന്‍സാരി കണ്‍വെന്‍ഷന്‍ സെന്റര്‍), ആറിന് വയലി ബാംബു മ്യൂസിക് എന്നിവ അരങ്ങേറും. ബാംബൂ മ്യൂസികിന് ശേഷം പ്രൊജക്ട് മലബാറിക്കസ് ലൈവ് മ്യൂസിക് ഷോയുമായി പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറും സംഘവും എത്തും. രാത്രി 8 മണിയ്ക്കാണ് സിതാരയുടെയും സംഘത്തിന്റെയും മ്യൂസിക് ഷോ നടത്തുന്നത്. ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുള്ള പ്രൊജക്ട് മലബാറിക്കസ് ദൃശ്യമാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഏറെ പ്രശസ്തമായതാണ്. സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ വെള്ളിയാങ്കല്ലില്‍ ഭാരതപ്പുഴയില്‍ ഫെബ്രുവരി 18,19 തീയ്യതികളില്‍ കയാക്കിംങ്ങ് ഫെസ്റ്റ്നടത്തുന്നുണ്ട്.