29 March 2024 Friday

പുരസ്കാരനിറവിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്:സ്വരാജ് ട്രോഫി തുടർച്ചയായ മൂന്നാം തവണ

ckmnews

പുരസ്കാരനിറവിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്:സ്വരാജ് ട്രോഫി തുടർച്ചയായ മൂന്നാം തവണ


ചങ്ങരംകുളം:മികച്ച ബ്ളോക്ക് പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം മൂന്നാം തവണയും മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തിനെ തേടിയെത്തിയത്തിൽ അതീവ സന്തോഷത്തിലാണ് ഭരണസമിതി അംഗങ്ങൾ.തൂടർച്ചയായി രണ്ടു തവണ ഒന്നാം സ്ഥാനവും ഒരു തവണ മൂന്നാം സ്ഥാനവും ആണ് പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് നേടിയത്.കോൾ നിലങ്ങളും ,പുഴയും ,കനാലുകളും ,തീര പ്രദേശങ്ങളും  സമതല ഭൂപ്രദേശങ്ങളും ചേർന്ന ബ്ലോക്ക് പരിധിയിൽ സുസ്ഥിര വികസനം ലക്ഷ്യമാക്കി മണ്ണും ജലവും കൃഷിയും തൊഴിൽ സംരംഭങ്ങളും ,ജൈവ സമ്പത്തും ,പൊതുജനാരോഗ്യവും , സംരക്ഷിക്കുന്ന പദ്ധതികൾക്കാണ് 2021-22 പദ്ധതിക്കാലത്തു  ഊന്നൽ നൽകിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു പറഞ്ഞു. 


പൊന്നാനി കോൾ പാടങ്ങളിലെ സമഗ്ര വികസനവുമായി ബന്ധപ്പെട്ടു കൃഷി വകുപ്പ് അടക്കമുള്ള വിവിധ ലൈൻ ഡിപ്പാർട്ടുമെന്റുകളെ പൊന്നാനി എംഎൽഎ യുടെ നേതൃത്വത്തിൽ കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകുന്നതിനും അതിന്റെ ഗുണം കർഷകരിലെത്തിക്കുന്നതിലും ബ്ലോക്ക് പഞ്ചായത്ത് വഹിച്ച പങ്ക് ചെറുതല്ല


പാൽ ഉൽപ്പന്ന നിർമ്മാണയൂണിറ്റ് , വനിതാ ജിം , ഹരിത പദ്ധതി യുടെ ഭാഗമായി തുണി സഞ്ചി - ബാഗ് നിർമ്മാണ യൂണിറ്റുകൾ , കോമൺ കിച്ചൺ , പരമ്പരാഗത തൊഴിൽ സംരക്ഷണ പദ്ധതികൾ  അടക്കം നിരവധി പദ്ധതികളാണ് ഈ കാലയളവിൽ  സംരംഭക മേഖലകളിൽ നടപ്പാക്കിയത്.


നാടൻ കിഴങ്ങു വിളകളുടെ സംരക്ഷണം - വ്യാപനം , ചെറുധാന്യങ്ങളുടെ സംരക്ഷണം , വിത്തുല്പാദന കേന്ദ്രം , ഔഷധ തോട്ടം , കണ്ടൽ നഴ്സറി , പച്ചക്കറി തൈ ഉല്പാദന കേന്ദ്രങ്ങൾ , ജൈവ വൈവിധ്യ ബോർഡുമായി ചേർന്ന് വിത്തുൽസവം എന്നിവ മാതൃകാപരമായി നടപ്പാക്കാനും ഭരണസമിതി ക്ക് കഴിഞ്ഞു


ആരോഗ്യ രംഗത്ത് സ്ത്രീകളിലെ കാൻസർ കണ്ടെത്തുന്നതിന് എംവിആർ കാൻസർ സെന്ററിന്റെ സഹകരണത്തോടെ നിർണ്ണയം എന്ന പേരിൽ പ്രത്യേക ക്യാമ്പുകൾ ,സിഎച്ച്സി യുടെ കാര്യക്ഷമമായ പ്രവർത്തനം , സ്പെക്ട്രം സ്പെഷ്യൽ സ്കൂളിന്റെ തുടർ പ്രവർത്തനങ്ങൾ , ഭിന്ന ശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനവും വിവിധ ഡിറ്റർജന്റുകൾ നിർമ്മിക്കുന്നതിനുള്ള യൂണിറ്റും , സുകൃതം - വയോജന ങ്ങൾക്കായി പോഷക ഭക്ഷണം , ആയുർവേദ മരുന്നുകൾ , കൗൺസിലിംഗ് , നിയമ സഹായം , ഓപ്പൺ ജിം , ജല സംരക്ഷണത്തിനായി കുളങ്ങളുടെ നവീകരണം , പശുവും തൊഴുത്തും പദ്ധതികൾ , പടുതാ കുളങ്ങളിലെ മത്സ്യകൃഷി , ആട് പ്രജനന യൂണിറ്റുകൾ എന്നിവയും കാര്യക്ഷമ മായി നടപ്പാക്കിയ പദ്ധതികളിൽ ചിലതാണ് .പദ്ധതി പ്രവർത്തനങ്ങളിൽ കൂട്ടായി പ്രവർത്തിച്ച ഭരണ സമിതിയിലെ സഹപ്രവർത്തകർ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അമൽദാസ് അടക്കമുള്ള നിർവ്വഹണ ഉദ്യോഗസ്ഥർ ,മറ്റു ജീവനക്കാർ എല്ലാവർക്കും 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നന്ദി അറിയിച്ചു.