23 April 2024 Tuesday

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 34800 കടന്നു

ckmnews

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 34800 കടന്നു. തുർക്കിയിൽ മാത്രം 30000 പേരാണ് മരിച്ചത്. തുർക്കിയിലെ ഹതായിൽ തകർന്ന് വീണ കെട്ടിടത്തിൽ നിന്നും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ 128 മണിക്കൂറുകൾക്ക് ശേഷം രക്ഷാസേന ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച തകർന്ന വീടിനുള്ളിൽ നിന്നും അഞ്ചംഗ കുടുംബത്തെ രക്ഷിച്ചിരുന്നു. ആറ് മാസം ഗർഭിണിയായ സ്ത്രീയെയും രണ്ട് വയസുകാരിയെയും 70 വയസുള്ള സ്ത്രീയെയും ഉൾപ്പടെയാണ് രക്ഷപ്പെടുത്തിയത്.


ദുരന്തത്തിൽ നിന്നും രക്ഷപെട്ടവർക്ക് പാർപ്പിടം, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ പരമാവധി വേഗത്തിൽ ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം രണ്ടാമത്തെ മാനുഷിക ദുരന്തമായി തീരുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനത്തിന് തുർക്കിക്ക് അടിയന്തര സഹായം ലോകബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനും ഭൂകമ്പം ബാധിച്ചവരെ പിന്തുണയ്ക്കുന്നതിനുമായി അടിയന്തര സഹായം ഉൾപ്പെടെ 1.78 ബില്യൺ ഡോളറാണ് തുർക്കിക്ക് ലോക ബാങ്ക് നൽകുക.