29 March 2024 Friday

ജീവിതം രാജ്യത്തിന് വേണ്ടി, ജനങ്ങൾക്ക് വിശ്വാസമുണ്ട്; 140 കോടി ഇന്ത്യക്കാർ എന്റെ കുടുംബം; പ്രധാനമന്ത്രി

ckmnews

തന്റെ ജീവിതം രാജ്യത്തിന് വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് തന്നിൽ വിശ്വാസമുണ്ട്; 140 കോടി ഇന്ത്യക്കാർ എന്റെ കുടുംബമാണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. മാധ്യമ തലക്കെട്ടിലല്ല ജനവിശ്വാസം. ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി

ജനങ്ങളുടെ വിശ്വാസം തന്റെ സുരക്ഷാ കവചമാണ്. വിശ്വാസം ഒറ്റരാത്രിയിൽ ഉണ്ടായതല്ല. വ്യാജ ആരോപണം ഉന്നയിച്ചാൽ ജയിക്കുമോ? അങ്ങനെ ജയിക്കാമെന്നാണ് ചിലരുടെ വിചാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടി വി ഷോകളിലൂടെ നേടിയതല്ല തന്റെ പാരമ്പര്യം. തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ തെറ്റായ ആരോപണങ്ങൾ കൊണ്ട് സാധിക്കില്ല. ചിലർ പ്രവർത്തിക്കുന്നത് കുടുംബത്തിനായി. തന്റെ കുടുംബവും അജണ്ടയും ഇന്ത്യയാണ്

140 കോടി ഇന്ത്യക്കാർ തന്റെ കുടുംബമാണ്. രാഹുലിന്റെ ലക്ഷ്യം ജനങ്ങൾക്ക് മനസിലാകും. വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻറെ വളർച്ചയിൽ പ്രതിപക്ഷത്തിന് നിരാശയാണെന്നും വെറുപ്പിൻറെ രാഷ്ട്രീയം പുറത്തുവന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിലർ നിരാശരാണ്. നിരാശയ്ക്ക് കാരണം അവർക്കെതിരായ തുടർച്ചയായ ജനവിധിയാണ്. ചിലരുടെ മനോനില വ്യത്യസ്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.


കശ്മീരിലെ എല്ലാവർക്കും സ്വാതന്ത്ര്യം, എല്ലാവർക്കും സ്വതന്ത്രമായി നടക്കാം. ശ്രീനഗറിൽ എല്ലാവരും സുരക്ഷിതർ. സുരക്ഷയില്ലാതെ ലാൽ ചൗക്കിൽ പോകാം. രാഹുലിന് ലാൽ ചൗക്കിൽ പതാക ഉയർത്തനായി. സാഹചര്യമൊരുക്കിയത് ബിജെപി സർക്കാരാണ്. വെല്ലുവിളികളില്ലാതെ ജീവിതമില്ല. വെല്ലുവിളികൾ വന്നുകൊണ്ടിരിക്കും. ലോകമാകെ പ്രതിസന്ധിയിലാണ്. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇ.ഡിയാണ് പ്രതിപക്ഷത്തെ ഒന്നിപ്പിച്ചതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.


2004 മുതൽ 2014 വരെ അഴിമതിയുടെ കാലമായിരുന്നു. രാജ്യം ഇപ്പോൾ‌ നിർമാണ ഹബായി മാറി. നിരാശരായ ചിലർ രാജ്യം കൈവരിച്ച നേട്ടങ്ങളെ സ്വീകരിക്കാൻ തയ്യാറല്ല. സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിൽ ഇന്ത്യ ചരിത്രം സൃഷ്ടിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.


ചില നേതാക്കൾ രാഷ്ട്രപതിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു. കോൺഗ്രസ് നയപ്രഖ്യാപന പ്രസംഗത്തിൽ ചർച്ച ആഗ്രഹിക്കുന്നില്ല. നയസ്തംഭനത്തിൽ നിന്നും കുംഭകോണങ്ങളിൽ നിന്നും രാജ്യം മുക്തമാവുകയാണ്. മഹാമാരിക്കാലത്ത് ഇന്ത്യ അഭിമാനത്തോടെ നിലകൊണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.