18 April 2024 Thursday

ചാറ്റ് ജി.പി.ടിയുടെ വെല്ലുവിളി മറികടക്കാന്‍ ബാര്‍ഡുമായി ഗൂഗ്ള്‍

ckmnews

ചാറ്റ് ജി.പി.ടിയുടെ വെല്ലുവിളി മറികടക്കാന്‍ ബാര്‍ഡുമായി ഗൂഗ്ള്‍ആല്‍ഫബെറ്റിന്റെയും ഗൂഗ്ളിന്റെയും സി.ഇ.ഒ സുന്ദര്‍ പിച്ചൈയാണ് ബാര്‍ഡ് പുറത്തിറക്കിയത്. നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എ.ഐ) ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ബാര്‍ഡ് വിശ്വസ്തരായ ടെസ്റ്റര്‍മാര്‍ക്കാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. 


വരും ആഴ്ചകളില്‍ മുഴുവന്‍ പേര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ ഗൂഗ്ളിന്റെ സെര്‍ച് എന്‍ജിന്‍ ഉള്‍പ്പെടുത്തും. ഓപണ്‍ എ.ഐ എന്ന നിര്‍മിത ബുദ്ധി ഗവേഷണ കമ്ബനി 2022 നവംബറില്‍ പുറത്തിറക്കിയ ചാറ്റ് ജി.പി.ടി ചാറ്റ് ബോട്ട് അഞ്ചു ദിവസത്തിനുള്ളില്‍ പത്തു ലക്ഷംസബ്സ്ക്രൈബേഴ്സിനെ നേടിയിരുന്നു. ഗൂഗ്ളില്‍ പരതുമ്ബോള്‍ നിരവധി വിവരങ്ങളും ലേഖനങ്ങളും മറ്റുമാണ് നമ്മുടെ മുന്നിലേക്ക് എത്തുന്നതെങ്കില്‍ ചാറ്റ് ജി.ബി.ടിയില്‍ ആവശ്യപ്പെട്ട വിവരം മാത്രം ലഭിക്കുന്ന സംവിധാനമാണുള്ളത്. സംഭാഷണ രീതിയിലും വിവരങ്ങള്‍ ലഭിക്കും. അവധി അപേക്ഷ തയാറാക്കി നല്‍കല്‍, പ്രബദ്ധം തയാറാക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് പുതുതലമുറ ചാറ്റ് ജി.പി.ടിയെ ആശ്രയിക്കുന്നുണ്ട്. 


സെര്‍ച്ച്‌ എന്‍ജിന്‍ എന്ന നിലയില്‍ ഗൂഗ്ളിന് വന്‍ ഭീഷണി ചാറ്റ് ജി.പി.ടി ഉയര്‍ത്തിയിരുന്നു. മൈക്രോസോഫ്റ്റിന്റെ പിന്തുണയുമുണ്ടായിരുന്നു. ഇതോടെയാണ് നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തി ബാര്‍ഡുമായി ഗൂഗ്ള്‍ രംഗത്തുവന്നത്. പതിറ്റാണ്ടുകളായി തുടരുന്ന മേധാവിത്വം നിലനിര്‍ത്താന്‍ ബാര്‍ഡ് സഹായിക്കുമെന്നപ്രതീക്ഷയിലാണ് ഗൂഗ്ള്‍.