29 March 2024 Friday

ലൂണയും രാഹുലും നിറയൊഴിച്ചു! ചെന്നൈയിന്‍ വീണു; കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍

ckmnews

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരായ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ അഡ്രിയാന്‍ ലൂണ, കെ പി രാഹുല്‍ എന്നിവാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. അബ്ദെനാസര്‍ എല്‍ ഖയാതിയുടെ വകയായിരുന്നു ചെന്നൈയിനിന്റെ ഏകഗോള്‍. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുന്നു. 17 മത്സരങ്ങളില്‍ 31 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്. ചെന്നൈയിന്‍ എട്ടാമതാണ്. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 18 പോയിന്റ് മാത്രമാണുള്ളത്. 


ആദ്യ 45 മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ രണ്ടാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടികൊണ്ട് ചെന്നൈയിന്‍ ഞെട്ടിച്ചു. പീറ്റര്‍ സ്ലിസ്‌കോവിച്ചിന്റെ സഹായത്തില്‍ ഖയാതി ഗോള്‍ നേടി. ബോക്‌സിന്റെ എഡ്ജില്‍ നിന്ന് പന്തെടുത്ത ഖയാതി അല്‍പം ഇടത്തോട്ട നീക്ക് ഷോട്ടുതിര്‍ത്തു. പോസ്റ്റിലിടിച്ച് പന്ത് ഗോള്‍വര കടന്നു. സ്‌കോര്‍ 1-0. എന്നാല്‍ ഗോള്‍ വഴങ്ങിയ ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു. എന്നാല്‍ ആറാം മിനിറ്റില്‍ ചെന്നൈയിന്‍ ഒരിക്കല്‍കൂടി മഞ്ഞപ്പടയുടെ ഗോള്‍മുഖം വിറപ്പിച്ചു. സ്ലിസ്‌കോവിച്ചിന്റെ ഒരു ഡൈവിംഗ് ഹെഡ്ഡര്‍ അനായാസം ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ കയ്യിലൊതുക്കി. 12-ാം മിനിറ്റില്‍ രാഹുലിന്റെ ഷോട്ട് പുറത്തേക്ക്. ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തിയെന്ന് ഉറപ്പിച്ച നിമിഷമായിരുന്നത്.

20-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു ഗോള്‍ശ്രമം. രാഹുലിന്റെ ബാക്ക് ഹീല്‍ പാസ് സ്വീകരിച്ച നിഷു കുമാര്‍ നിറയൊഴിച്ചുവെങ്കിലും ഗോള്‍ കീപ്പര്‍ സമിക് മിത്ര മനോഹരമായി പുറത്തേക്ക് തട്ടിയകറ്റി. 27-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റകോസിന്റെ വോളി ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. 38-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍. ബോക്‌സിന്റെ എ്ഡ്ജില്‍ വച്ച് രാഹുല്‍ നല്‍കിയ പന്ത് സഹല്‍ അബ്ദു സമദ് സ്വീകരിച്ചു. പന്തുമായി മുന്നേറാനുള്ള ശ്രമം ചെന്നൈയിന്‍ പ്രതിരോധം തടഞ്ഞിട്ടു. എന്നാല്‍ ലൂണയുടെ ഹാഫ്‌വോളി ചെറുക്കാന്‍ ചെന്നൈ പ്രതിരോധത്തിനും ഗോള്‍ കീപ്പര്‍ക്കും സാധിച്ചില്ല. 


43-ാം മിനിറ്റില്‍ ചെന്നൈയിന്‍ ലീഡെടുത്തുവെന്ന് തോന്നിച്ചു. വിന്‍സി ബരേറ്റോയുടെ ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഷോട്ട് ഗില്‍ അവിശ്വസനീയമായി തടഞ്ഞിട്ടു. ഇതിനിടെ രാഹുലിന്റെ ഒരു ഷോട്ട് ക്രോസ് ബാറില്‍ തൊട്ടുരുമി പുറത്തേക്ക്. 64-ാം മിനിറ്റില്‍ രാഹുലിന്റെ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തു. നിഷു കുമാറിന്റെ ത്രോബോള്‍ സ്വീകരിച്ച ലൂണ വലത് വിംഗിലൂടെ പന്തുമായി മുന്നോട്ട്. പിന്നാലോ ബോക്‌സിലേക്ക് നിലംപറ്റെയുള്ള ക്രോസ്. രാഹുലിന് കാല് വെക്കേണ്ടതേ ഉണ്ടായിരുന്നുള്ളു. ഗോള്‍ കീപ്പറുടെ കൈകളില്‍ തട്ടി പന്ത് ഗോള്‍വര കടന്നു.