പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകനായ 51കാരന് 30 വർഷം തടവും രണ്ടു ലക്ഷരൂപ പിഴയും ശിക്ഷ വിധിച്ചു

പാലക്കാട്: പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും രണ്ട് ലക്ഷംരൂപ പിഴയും ശിക്ഷ. പാലക്കാട് കോട്ടോപ്പാടം ഭീമനാട് എലമ്പുലാവിൽ വീട്ടിൽ അബ്ബാസിനെയാണ് (51) പട്ടാമ്പി അതിവേഗ കോടതി ജഡ്‌ജി സതീഷ് കുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കുന്ന തുക ഇരക്ക് നൽകാനും കോടതി വിധിച്ചു.
2021ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ട്യൂഷൻ അധ്യാപകനായ അബ്ബാസ് തന്റെ വീട്ടിലും ട്യൂഷൻ ക്ലാസിലും കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. അബ്ബാസിനെതിരെ നേരത്തെയും സമാനമായ പരാതികൾ ലഭിച്ചെങ്കിലും അതെല്ലാം ഒത്തുതീർപ്പാക്കിയെന്ന് ആരോപണം ഉണ്ടായിരുന്നു.
നാട്ടുകൽ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടറായ സിജോ വർഗീസാണ് ഇപ്പോൾ ഇദ്ദേഹത്തെ ശിക്ഷിച്ച കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസീക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി.