കുമളിയിൽ ചട്ടുകം പഴുപ്പിച്ച് ഏഴു വയസുകാരനെ പൊള്ളിച്ച അമ്മ അറസ്റ്റിൽ

ഇടുക്കി: കുമളിയിൽ ഏഴു വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പളളം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന 7 വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത.ജ്യൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്.
ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിക്കുകയും മുളകുപൊടി കണ്ണിൽ വിതറുകയും ചെയ്തായിരുന്നു അമ്മയുടെ ക്രൂരത. സംഭവത്തിൽ കുട്ടിയുടെ കൈയ്ക്കും കാലിനും പൊള്ളലേറ്റു.ആശുപത്രി വിട്ട ശേഷം കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മറ്റി മുൻപാകെ ഹാജരാക്കും.
അടുത്ത വീട്ടിലെ ടയർ എടുത്തതിനാണ് പൊള്ളലേൽപ്പിച്ചതെന്ന് കുട്ടി പറയുന്നു. എന്നാല്‍ കൃസൃതി സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്. രണ്ട് കൈക്കും, കാലിനും പൊള്ളലേറ്റ് ചികിത്സയിലുള്ള ഏഴ് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.