29 March 2024 Friday

ഏറ്റവും കൂടുതൽ ഗ്രാമി പുരസ്‌കാരം സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡിട്ട് ബിയോൺസെ

ckmnews

ഗ്രാമി വേദിയിൽ ചരിത്രമെഴുതി ഗായിക ബിയോൺസെ. നാല് ഗ്രാമി പുരസ്‌കാരങ്ങൾ നേടി ഏറ്റവും കൂടുതൽ ഗ്രാമി അവാർഡ് നേടുന്ന താരമായി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ സംഗീത ഇതിഹാസം. മികച്ച ഡാൻസ്/ഇലക്ട്രോണിക് മ്യൂസിക്ക് ആൽബം വിഭാഗത്തിലാണ് ബിയോൺസിന് പുരസ്‌കാരം ലഭിച്ചത്. ‘റിനൈസൻസ്’ എന്ന ആൽബമാണ് പുരസ്‌കാരത്തിന് അർഹമായത്. 


വേദിയിൽ ബിയോൺസെ വികാരനിർഭരയായി കാണപ്പെട്ടു. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ബിയോൺസെ പറഞ്ഞതിങ്ങനെ – ‘ ഞാൻ അധികം വികാരനിർഭരയാകാതിരിക്കാൻ ശ്രമിക്കുകയാണ്. എന്നെ സംരക്ഷിക്കുന്നതിന് ദൈവത്തിന് നന്ദി. എന്റെ അങ്കിൾ ജോണിക്ക് ഞാൻ ഈ അവസരത്തിൽ നന്ദി പറയുന്നു. അദ്ദേഹം ഇന്ന് ഇവിടെ ഇല്ല, പക്ഷേ അദ്ദേഹത്തിന്റെ ആത്മാവ് ഇവിടെ തന്നെയുണ്ട്. എന്നെ സ്‌നേഹിക്കുകയും മുന്നോട്ട് തള്ളിവിടുകയും ചെയ്ത എന്റെ അമ്മയ്ക്കും അച്ഛനും നന്ദി. വീട്ടിലിരുന്ന് ഇത് കാണുന്ന എന്റെ ഭർത്താവിനും മൂന്ന് മക്കൾക്കും നന്ദി. ക്വീർ കമ്യൂണിറ്റിക്കും ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഗ്രാമിക്ക് വളരെയധികം നന്ദി’.


മികച്ച പോപ് വോക്കൽ ആൽബത്തിനുള്ള പുരസ്‌കാരം ഹാരി സ്റ്റൈൽസ് സ്വന്തമാക്കി. മികച്ച മ്യൂസിക്ക് വിഡിയോയ്ക്കുള്ള പുരസ്‌കാരം ടെയ്‌ലർ സ്വിഫ്റ്റിന്റെ ‘ഓൾ ടൂ വെൽ’ നേടി. ഇന്ത്യൻ സംഗീത സംവിധായകൻ റിക്കി തേജും ഗ്രാമി പുരസ്‌കാരം നേടി. മികച്ച ഇമ്മേഴ്‌സിവ് ഓഡിയോ ആൽബം എന്ന വിഭാഗത്തിലാണ് റിക്കി കേജ് മൂന്നാം ഗ്രാമി സ്വന്തമാക്കിയത്. ‘ഡിവൈൻ ടൈഡ്‌സ്’ ആണ് പുരസ്‌കാരാർഹമായ ആൽബം.