29 March 2024 Friday

മ്യൂസിയത്തെ ആക്രമണം; സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ രാത്രിയും പിങ്ക് പൊലീസ് പ്രവർത്തിക്കും

ckmnews

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം നടന്ന പശ്ചാത്തലത്തില്‍ മ്യൂസിയം ഭാഗത്ത് രാത്രിയും പിങ്ക് പൊലീസ് പ്രവർത്തിക്കാന്‍ തീരുമാനിച്ചു. മ്യൂസിയം ഭാഗത്ത് 24 മണിക്കൂറും പിങ്ക് പൊലീസ് പ്രവർത്തിക്കും. മ്യൂസിയം ഭാഗത്തെ തുടർച്ചയായുള്ള ആക്രമണങ്ങളെ സംബന്ധിച്ച് ഇന്നലെ ചേർന്നിരുന്ന പ്രത്യേക യോഗത്തിലാണ് അത് സംബന്ധിച്ച് തീരുമാനം എടുത്തത്.


സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങൾ പരാതിപ്പെടുന്നതിൽ താമസം ഉണ്ടാകുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നിർഭയം-ആപ്പ് എല്ലാ സ്ത്രീകളും ഡൗൺലോഡ് ചെയ്യണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. അതേസമയം, തിരുവനന്തപുരത്ത് ബൈക്ക് റേസിംഗ് നടത്തുന്നവരെ ഡ്രോൺ ഉപയോഗിച്ച് കണ്ടുപിടിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. ബൈക്ക് റേസിംഗ് വലിയ പ്രശ്നമാണ്. ബൈക്ക് റേസിംഗ് തടയാൻ പൊലീസിന് നേരിട്ട് ഇടപെടാൻ കഴിയില്ല. പൊലീസ് പിന്തുടർന്ന് പിടിക്കാൻ ചെന്നാൽ പൊലീസിന്റെയും ബൈക്ക് റേസിംഗ് നടത്തുന്നവരുടെയും ജീവന് ഭീഷണിയാകുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.