29 March 2024 Friday

പെരുമ്പറമ്പ് പുത്രകാമേഷ്ടിയാഗം ഘോഷയാത്രയോടെ തുടക്കമാകും

ckmnews

പെരുമ്പറമ്പ് പുത്രകാമേഷ്ടിയാഗം ഘോഷയാത്രയോടെ തുടക്കമാകും


എടപ്പാൾ:പതിറ്റാണ്ടുകൾക്ക് ശേഷമാദ്യമായി കേരളത്തിൽ നടക്കുന്ന പുത്രകാമേഷ്ടിയാഗത്തിന് മലപ്പുറം എടപ്പാൾ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ 21-ന് വൈകുന്നേരം സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കമാകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.രാവിലെ യാഗശാലയിൽ കലവറ നിറക്കലിനു ശേഷം വൈകുന്നേരം മൂന്നിന് എടപ്പാൾ ടൗണിൽ നിന്ന് വാദ്യഘോഷങ്ങൾ,താലപ്പൊലി, നാടൻ കലാപ്രകടനങ്ങൾ എന്നിവയോടെയാരംഭിക്കുന്ന ഘോഷയാത്ര യാഗഭൂമിയിലവസാനിച്ച ശേഷം നടക്കുന്ന സമ്മേളനത്തിൽ സാംസ്‌കാരിക-രാഷ്ട്രീയ-ആത്മീയ നേതാക്കൾ പങ്കെടുക്കും. തുടർന്ന് യാഗയജമാനൻ തോട്ടുപുറത്ത് ശങ്കരനാരായണൻ നമ്പൂതിരിയും പത്‌നി ശ്രീഷ അന്തർജനവും യാഗശാലയിൽ പ്രവേശിക്കുന്ന ചടങ്ങും സാംസ്‌കാരിക വേദിയിൽ കലാവിരുന്നുകളും നടക്കും.

22-ന് അരണി കടഞ്ഞ് യാഗാഗ്നി ജ്വലിപ്പിച്ച ശേഷം യാഗശാലയിൽ സവനങ്ങൾക്ക് തുടക്കമാകും. രാവിലെ എട്ട്, 12, മൂന്ന് എന്നിങ്ങനെ മൂന്നു സവനങ്ങളാണ് ഒരു ദിവസം യാഗശാലയിൽ നടക്കുക. ഇതിൽ സത് സന്താനലബ്ധിയാഗ്രഹിക്കുന്ന തമ്പതിമാർക്ക് പങ്കെടുക്കാം(താൽപര്യമുള്ളവർ puthrakaneshtiyagam.com 

എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം )

ഏഴു ദിവസങ്ങളിലായി 21 സവനങ്ങളാണ് നടക്കുക. വൈകുന്നേരം ആറിന് ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ മഹാവിഷ്ണുപൂജ നടക്കും. വേദിയിൽ സെമിനാറുകൾ, കലാവിരുന്നുകൾ എന്നിവ നടക്കും.23-ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, യാഗചടങ്ങുകൾ, ദക്ഷിണാമൂർത്തി പൂജ എന്നിവയും വേദിയിൽ സന്താന ഗോപാലം കഥകളിയും നടക്കും.24 മുതൽ യാഗശാലയിലെ ചടങ്ങുകൾക്ക് പുറമെ ശബരിമല വലിയ തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനര്, തന്ത്രി കെ.ടി.നാരായണൻ നമ്പൂതിരിപ്പാട് തുടങ്ങിയവരുടെ കാർമികത്വത്തിൽ പൂജകൾ, വേട്ടേക്കരൻ പാട്ട്,ഭഗവതിപ്പാട്ട്,മഹാഭഗവതി സേവ, അയ്യപ്പൻപാട്ട് എന്നിവക്ക് പുറമെ ജിഷ രാജേഷിന്റെ നൃത്തനൃത്യങ്ങൾ,  പ്രണവം മ്യൂസികിന്റെ ഭക്തിഗാനമേള, ശുകപുരം വി.കെ.എം.കളരി സംഘത്തിന്റെ കളരി പ്രദർശനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടക്കും. എല്ലാ ദിവസവും നടക്കുന്ന അന്നദാനം 28-ന് മഹാ അന്നദാനത്തോടെ സമാപിക്കും.

യാഗജയമാനനും പത്‌നിയും മഹേശ്വരന്റെ അനുവാദം വാങ്ങുന്ന ചടങ്ങായ അനുജ്ഞ  ബുധനാഴ്ച എട്ടു മണിക്ക് ക്ഷേത്രത്തിൽ പാലക്കാട് മുതലമട സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് ഉദ്ഘാടനം ചെയ്യും. അന്നു തന്നെ പത്തു മണിക്ക് ശാലയുടെ കുറ്റിയടിക്കൽ ചടങ്ങ് കുഴിയാംകുന്ന് രാമൻ ഭട്ടതിരിപ്പാട് നിർവഹിക്കും. ഓഫീസുദ്ഘാടനം, ഭൂമി പൂജ, കാൽനാട്ടൽ തുടങ്ങി വിവിധ ചടങ്ങുകളും യാഗത്തിന് മുന്നോടിയായി നടക്കുമെന്ന് ചീഫ് കോ- ഓർഡിനേറ്റർ പി.എം.മനോജ് എമ്പ്രാന്തിരി, ക്ഷേത്രം ട്രസ്റ്റി  കെ.എം.പരമേശ്വരൻ നമ്പൂതിരി, വൈസ് ചെയർമാൻമാരായ കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, ഉണ്ണി ശുകപുരം,സ്വാഗതസംഘം ഭാരവാഹികളായ  ടി.പി.മാധവൻ,ടി.പി.കുമാരൻ, ബാലൻ കണ്ണത്ത് എന്നിവർ അറിയിച്ചു.