ആഴ്‌സണല്‍, ലിവര്‍പൂള്‍, യുണൈറ്റഡ്, ന്യൂകാസില്‍; വമ്പന്‍മാര്‍ ഇന്ന് കളത്തില്‍

ലണ്ടന്‍: പ്രീമിയർ ലീഗിൽ പ്രധാന ടീമുകൾക്ക് ഇന്നും മത്സരമുണ്ട്. ആഴ്സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ് എന്നിവർ കളത്തിലിറങ്ങും.
തോൽവി അറിയാതെ കിരീടത്തിലേക്ക് കുതിക്കുന്ന ആഴ്സണലിന് പത്തൊൻപതാം റൗണ്ടിലെ എതിരാളികൾ എവർട്ടനാണ്. മൈകൽ അർട്ടേറ്റയ്ക്ക് കീഴിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന ഗണ്ണേഴ്‌സ് നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ അഞ്ച് പോയിന്‍റ് മുന്നിലാണ്. ഒരു മത്സരം കുറച്ച് കളിച്ചതിന്‍റ് മുൻതൂക്കവുമുണ്ട് ആഴ്സണലിന്. എവർട്ടന്‍റെ മൈതാനത്ത് വൈകിട്ട് ആറിനാണ് കളി തുടങ്ങുക. ചെൽസിയിൽ നിന്ന് കഴിഞ്ഞദിവസം സ്വന്തമാക്കിയ ജോർജീഞ്ഞോയുടെ അരങ്ങേറ്റ മത്സരം കൂടിയായിരിക്കും ഇത്. 19 കളിയിൽ 45 ഗോൾ നേടിയ ആഴ്സണല്‍ 16 ഗോൾ മാത്രമേ ഇതുവരെ വഴങ്ങിയിട്ടുള്ളൂ. അവസാന മൂന്ന് കളിയും തോറ്റ് തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന എവർട്ടൻ ലീഗിൽ പത്തൊൻപതാം സ്ഥാനത്താണ്.
പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ ഇറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് രാത്രി എട്ടരയ്ക്ക് ക്രിസ്റ്റൽ പാലസുമായി ഏറ്റുമുട്ടും. ഓൾഡ് ട്രാഫോർഡിലാണ് മത്സരം. പ്രീമിയർ ലീഗിലെ അവസാന കളിയിൽ യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന് ഗോളിന് ആഴ്സണലിനോട് തോറ്റിരുന്നു. 20 കളിയിൽ 39 പോയിന്റുമായി നാലാം സഥാനത്താണിപ്പോൾ യുണൈറ്റഡ്. അവസാന നാല് കളിയിലും ജയിക്കാത്ത ക്രിസ്റ്റൽ പാലസ് പന്ത്രണ്ടാം സ്ഥാനത്തും. ഇ എഫ് എൽ കപ്പിന്റെ ഫൈനലിൽ എത്തിയ യുണൈറ്റഡ് പരിക്കേറ്റ ക്രിസ്റ്റ്യൻ എറിക്സൺ, സ്റ്റീവ് മക്ടോമിനെ, ഡോണി വാൻഡെ ബീക് എന്നിവരില്ലാതെയാവും ഇറങ്ങുക.
മാർക്കസ് റാഫ്ഷോർഡ്, കാസിമിറോ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരുടെ ഫോമിലാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. പഴയ മികവിലേക്കെത്താൻ പ്രയാസപ്പെടുന്ന ലിവർപൂളിന് ഇരുപതാം റൗണ്ടിൽ വൂൾവ്സാണ് എതിരാളികൾ. വൂൾവ്സിന്റെ മൈതാനത്ത് രാത്രി എട്ടരയ്ക്കാണ് കളി തുടങ്ങുക. അവസാന മൂന്ന് കളിയിലും ജയിക്കാനാവാതെ പ്രയാസപ്പെടുന്ന ലിവർപൂളിന് മുൻനിരതാരങ്ങളുടെ മങ്ങിയഫോമാണ് തിരിച്ചടിയാവുന്നത്. 29 പോയിന്‍റുള്ള ലിവർപൂൾ 34 ഗോൾ നേടിയപ്പോൾ 25 ഗോൾ തിരിച്ചുവാങ്ങി. ഇന്നത്തെ മറ്റ് മത്സരങ്ങളിൽ ബ്രൈറ്റൺ, ബോൺമൗത്തിനെയും, ആസ്റ്റൻവില്ല, ലെസ്റ്റർ സിറ്റിയെയും ന്യൂകാസിൽ വെസ്റ്റ് ഹാമിനെയും നേരിടും. ലീഗിലെ മൂന്നാം സ്ഥാനക്കാരായ ന്യൂകാസിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള അകലം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലൂടെയാണ് ഹോംഗ്രൗണ്ടിൽ ഇറങ്ങുന്നത്.