28 March 2024 Thursday

‘കേന്ദ്ര ബജറ്റ് നിരാശാജനകം’- മുഖ്യമന്ത്രി പിണറായി വിജയൻ

ckmnews

തിരുവനന്തപുരം : രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ ഒരു മാർഗവും തേടാത്തതും കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേറ്റത്. കേരളത്തിന്റെ ദീർഘകാല ആവശ്യമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടുത്താത്തതും കേരളത്തിന്റെ റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഉൾപ്പെടുത്താത്തതുമാണ് ബജറ്റ് പ്രസംഗമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. സംസ്ഥാനങ്ങളുടെ 2023-24 സാമ്പത്തിക വർഷത്തിൽ ധനകമ്മി സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനത്തിൻറെ 3.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുകയുണ്ടായി.


3 ശതമാനം സാധാരണ പരിധിയും 0.5 ശതമാനം വൈദ്യുതി വിതരണരംഗത്തെ പരിഷ്കരണങ്ങൾ നടപ്പാക്കണമെന്ന നിബന്ധനയുടെ പുറത്തുമാണ് ഇത്. 15-ാം ധനകാര്യ കമ്മീഷന്റെ ശിപാർശകളിൽ ഉള്ളത് ഒരാവർത്തി കൂടി പറഞ്ഞതല്ലാതെ ഒരു ഇളവും പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്രത്തിന്റെ ധനകമ്മി 6.4 ശതമാനമായിരിക്കും. കോവിഡിന്റെ പ്രത്യാഘാതങ്ങളിൽപ്പെട്ട് ഉഴലുന്ന സംസ്ഥാനങ്ങൾക്ക് കുറഞ്ഞത് 4 ശതമാനമെങ്കിലും അനുവദിക്കേണ്ടതുണ്ട്. ഇക്കാര്യം പരിഗണിച്ചിട്ടില്ല. മൂലധന ചെലവിനായി സംസ്ഥാനങ്ങൾക്ക് നൽകുന്ന പലിശരഹിത വായ്പ ഈ വർഷവും തുടരും എന്ന പ്രഖ്യാപനമുണ്ടെങ്കിലും ഇതിൽ ധാരാളം നിബന്ധനകളുണ്ടെന്ന സൂചന ബജറ്റ് പ്രസംഗത്തിലുണ്ട്.