19 April 2024 Friday

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ശങ്കരൻ നമ്പൂതിരി മാഷെ ആദരിച്ചു

ckmnews


ചങ്ങരംകുളം: ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അധ്യാപക ദിനത്തിൽ ഗ്രാമത്തിലെ പഴയകാല മലയാളം അദ്ധ്യാപകൻ  ഗ്രാമവാസികളുടെ സ്നേഹനിധിയായ    ശങ്കരൻ നമ്പൂതിരി മാഷെ ആദരിച്ചു.ഗ്രാമത്തിലെ വായനശാലയിൽ എത്തിയശേഷം    വൈകിയ സമയങ്ങളിൽ അങ്ങാടിയിലൂടെ നടന്ന്  പോകുന്ന കവുക്കോട് കുന്നത്ത് മനയിലെ ശങ്കരൻ നമ്പൂതിരി മാഷെ അറിയാത്തവർ ഗ്രാമത്തിൽ ചുരുക്കമാണ്.ആരെ കണ്ടാലും  നിഷ്കളങ്കമായ മനസ്സോടെ കുശലന്വേഷണം നടത്തി ശേഷം  കൈ പിടിച്ചുള്ള  സ്നേഹം പങ്കുവെക്കുന്ന ഗുരുനാഥനെ  നാട്ടുകാർക്ക് ഏറെ വാൽസല്യമാണ്.മലപ്പുറം വട്ടംകുളം സി.പി.എൻ.യു.പി. സ്കൂളിലെ മലയാള അദ്ധ്യാപകനായി നീണ്ട ഇരുപത്തിയെട്ട് വർഷത്തെ സേവനത്തിനുശേഷം 2004 ൽ വിരമിച്ചു.എഴുത്തിലും പൊതുരംഗത്തും സജീവമായ മാഷ് 1992 ൽ കുട്ടികൾക്കായി ബാലസാഹിത്യം  പുസ്തകം എഴുത്തി.മുഖാമുഖം നോവലിന് 2005 ൽ യുവകലാസാഹിതി കേസരി പുരസ്ക്കാരം ലഭിച്ചു.   2012 ൽ  വിശ്വാസവും യുക്തി ചിന്തയും എന്ന ലേഖനം സ്വകാര്യ ബുക്ക്സ്  പ്രസിദ്ധീകരിച്ചു.എഴുപത്തിയൊന്നാം വയസ്സിലും പുതിയ നോവൽ  എഴുത്തുന്ന തിരക്കിലാണ്.കോവിഡ് മഹാമാരിക്ക് മുമ്പ് സ്വാന്തന ചികിൽസ രംഗത്തുള്ള പ്രതീക്ഷ യിലെ പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.പൊന്നാനി ഗേൾസ് സ്കൂളിലെ റിട്ട. അദ്ധ്യാപികയായ ഹേമലതയാണ് സഹധർമ്മിണി.അരുൺ ,അഞ്ജു എന്നിവർ മക്കളും ,സജിത ,വാസുദേവൻ എന്നിവർ മരുമക്കളുമാണ്. മാളവിക ,സാരംഗ് എന്നിവർ പേരമക്കളുമാണ്.പാലിയേറ്റീവ് പ്രവർത്തനത്തിലൂടെ  ജീവിതത്തിൽ പലർക്കും നിറങ്ങൾ നൽകുന്നതിൽ മാഷ് ആനന്ദം കണ്ടെത്തുന്നത് മാഷെ ഏറെ വ്യതസ്ഥനാക്കി.അദ്ധ്യാപക ദിനത്തിനോട് ചേർന്നു പഞ്ചായത്ത് പ്രസിഡൻറ് അക്ബർ ഫൈസൽ ശങ്കരൻ നമ്പൂതിരിയെ പൊന്നാട അണിയിച്ചു  ആദരിച്ചു പുടവയും നൽകി.കോവിഡ് കാലത്തും അധ്യാപകരെ  ആദരിക്കാൻ ഗ്രാമപഞ്ചായത്ത് കാണിച്ച് നന്മ മനസ്സിനെ മാഷ് നന്ദി പറഞ്ഞു.പുതിയ തലമുറയിലെ  അധ്യാപകരോട് ആത്മാർത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കുമെന്ന് മാഷ്    പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനി വിനു ,പഞ്ചായത്തംഗം  ടി കെ സുധീഷ്,  നിഷാദ് കരിമ്പ പങ്കെടുത്തു