20 April 2024 Saturday

നികുതി വെട്ടിച്ച് കടത്ത്; 25 ഐ ഫോണും നിരോധിത ഇ സിഗരറ്റും പിടികൂടി

ckmnews

പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നികുതി വെട്ടിച്ച് കടത്തിയ ഐ ഫോണും നിരോധിത ഇ സിഗരറ്റും പിടികൂടി. ആര്‍പിഎഫ് നടത്തിയ പതിവ് പരിശോധനയിലാണ് 60 ലക്ഷത്തിന്‍റെ വസ്തുക്കൾ പിടിച്ചെടുത്തത്. 


വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ എസ് 9 കോച്ചിലെ പരിശോധനയിലാണ് ഐ ഫോണും നിരോധിത ഇ സിഗരറ്റും പിടികൂടിയത്. ദുബൈയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതികൾ, ട്രെയിൻ മാർഗം, കാസർകോടേക്ക് പോവുകയായിരുന്നു. 25 ഐ ഫോൺ, 764 ഇ സിഗരറ്റ്, 6990 പാക്കറ്റ് വിദേശ നിർമിത സിഗരറ്റ് , 30 ഗ്രാം തൂക്കമുള്ള 2 സ്വർണ നാണയം എന്നിവയാണ് ആര്‍പിഎഫ് കടത്തിയത്.

പ്രതികൾ എങ്ങനെ വിമാനത്താവളത്തിൽ കസ്റ്റംസിന്‍റെ കണ്ണ് വെട്ടിച്ചു എന്നതായിരുന്നു പ്രധാന ചോദ്യം. ആറ് പേരും സ്വന്തം കയ്യിൽ നാല് ഫോൺ വീതം കരുതി. ഇത് സംശയത്തിന് ഇടമില്ലാത്ത വിധം സഹായിച്ചു. ആറ് പേരും വെവ്വേറെ ബാഗുമായി എത്തിയതും കസ്റ്റംസിന്‍റെ ശ്രദ്ധ തിരിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. തുടർ നടപടികൾക്കായി ആര്‍പിഎഫ് കേസ് കസ്റ്റംസിന് കൈമാറി.