23 April 2024 Tuesday

ദുബൈ - കൊച്ചി വിമാനത്തില്‍ സിഗരറ്റ് വലിച്ച് മാള സ്വദേശി; അലാറം മുഴങ്ങിയതോടെ കയ്യോടെ പിടിക്കപ്പെട്ടു, അറസ്റ്റ്

ckmnews

കൊച്ചി: വിമാനത്തിന്‍റെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ചയാൾ അറസ്റ്റിൽ. മാള സ്വദേശി സുകുമാരനെയാണ് (62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ദുബൈയിൽ നിന്ന് നെടുമ്പാശേരിയിലേക്കുളള സ്‌പൈസ് ജെറ്റ് വിമാനത്തിലിരുന്നാണ് ഇയാൾ സിഗരറ്റ് വലിച്ചത്. സുകുമാരൻ വിമാനത്തിന്‍റെ ശുചിമുറിക്കുള്ളില്‍ സിഗരറ്റ് വലിച്ചതോടെ അലാറം മുഴങ്ങി.തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ ശുചിമുറിക്കുള്ളില്‍ സിഗരറ്റ് വലിച്ചതായി കണ്ടെത്തിയത്. കൊച്ചിയില്‍ എത്തിയ ഉടന്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ വിമാനത്താവള അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസിനെയും ഇതിന് ശേഷം വിവരം അറിയിച്ചു. തുടര്‍ന്ന് എമിഗ്രേഷനില്‍ എത്തിയപ്പോള്‍ അധികൃതര്‍ സുകുമാരനെ പൊലീസിന് കൈമാറുകയായിരുന്നു.അടുത്തിടെയാണ് പാരീസ്- ദില്ലി വിമാനത്തിൽ സഹയാത്രികയുടെ പുതപ്പിൽ യാത്രക്കാരൻ മൂത്രമൊഴിക്കുകയും വിമാനത്തിനുള്ളില്‍ സിഗരറ്റ് വലിക്കുകയും ചെയ്ത സംഭവം വന്‍ വിവാദമായത്. ഈ സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് ഡിജിസിഎ 10 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം പിഴ ചുമത്തിയത്. വിഷയം റിപ്പോർട്ട് ചെയ്യാൻ വൈകിയതിന്‍റെ പേരിലാണ് എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. റിപ്പോർട്ട് ആവശ്യപ്പെടുംവരെ എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കി.