24 April 2024 Wednesday

സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൂടി കോവിഡ്

ckmnews

സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ശനിയാഴ്ച 2655 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 11 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2113 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാംപിളുകളാണ് പരിശോധിച്ചത്. നിലവിൽ ആകെ 21,800 കോവിഡ് ആക്റ്റീവ് കേസുകളാണ് ഉള്ളത്.


കോവിഡ് റീജിയണൽ ടെസ്റ്റിങ് ലാബിന്റെ ഉദ്‌ഘാടനം ഞായറാഴ്ച കോഴിക്കോട് മലാപറമ്പിൽ നടക്കും. ഇതോടെ 23 സർക്കാർ ലാബുകളിലും 10 സ്വകാര്യ ലാബുകളിലും ഉൾപ്പെടെ 33 ലാബുകളിൽ കോവിഡ് ആർടിപിസിആർ പരിശോധിക്കാനുള്ള സംവിധാനമുണ്ട്. ഇതിനു പുറമേ 800 ഓളം സർക്കാർ ലാബുകളിലും 300 ഓളം സ്വകാര്യ ലാബുകളിലും ആന്റിജൻ പരിശോധനയ്ക്കുള്ള സംവിധാനമുണ്ട്. ലാബ് സൗകര്യം കൂട്ടിയതോടെ പരിശോധനകൾ വർധിപ്പിക്കാനായി.


തിരുവനന്തപുരം ജില്ലയിൽ തീരദേശ പ്രദേശത്തുനിന്നു മാറി കോവിഡ് വ്യാപനം കൂടുകയാണ്. ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ തലസ്ഥാന ജില്ലയിൽ തന്നെയാണ്. നിലവിലെ ആക്റ്റീവ് കേസുകളുടെ എണ്ണം നാലായിരത്തിലധികമാണ്. ഇന്ന് 512 പേരെ ഡിസ്ചാർജ് ചെയ്തു. 590 പേർക്ക് ഇവിടെ രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രത ആവശ്യമാണെന്നാണ് ഇത് വിരൽചൂണ്ടുന്നത്.


കൊല്ലം ജില്ലയിൽ അധികം രോഗബാധിതർ കൊല്ലം കോർപറേഷൻ പരിധിയിലാണ്. തിരുവനന്തപുരത്തുനിന്നും രാത്രി കൊല്ലം തീരത്തെത്തി മത്സ്യബന്ധനം നടത്തിയതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് സേനകളുടെ സംയുക്ത പരിശോധന ശക്തമാക്കാൻ തീരുമാനിച്ചു. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ വീടുകളിൽ രോഗബാധിതർ അല്ലാത്ത കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക കേന്ദ്രങ്ങളിൽ സംരക്ഷണം ഒരുക്കുന്നുണ്ട്. 


പത്തനംതിട്ട ജില്ലയിൽ സെപ്റ്റംബർ 7 വരെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി റാപ്പിഡ് ആന്റിജൻ പരിശോധന നടത്തും. ആലപ്പുഴ ക്ലസ്റ്ററുകളിൽ എല്ലാം സമ്പർക്കപട്ടിക തയാറാക്കി രോഗനിർണയം നടത്തി ആവശ്യമായ പ്രതിരോധ പ്രവർത്തനം നടത്തുന്നുണ്ട്. ആന്റിജൻ പരിശോധനയ്ക്കായി 2.80 കോടി രൂപ ചിലവഴിച്ച് 50,000 ആന്റിജൻ പരിശോധനാ കിറ്റുകളും 23 കിയോസ്കൂളും ജില്ലാ പഞ്ചായത്ത് സ്ഥാപിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ 190 ഡോക്ടർമാർ ക്വാറന്റീനിൽ പോയിരുന്നു. അത്യാഹിത വിഭാഗം, ഹൃദ്രോഗ വിഭാഗം, ട്രോമ ഐസിയു, കാർഡിയാക് ഐസിയു, ലേബർ റൂം, പീഡിയാട്രിക് ഐസിയു തുടങ്ങി എല്ലാ വിഭാഗത്തിലെയും വാർഡുകൾ പ്രവർത്തിക്കുന്നുണ്ട്