24 April 2024 Wednesday

പെരുമ്പറമ്പ് പുത്രകാമേഷ്ടി യാഗ വിളംബരം ഫെബ്രുവരി രണ്ടിന് നടക്കും

ckmnews

പെരുമ്പറമ്പ് പുത്രകാമേഷ്ടി യാഗ വിളംബരം ഫെബ്രുവരി രണ്ടിന് നടക്കും


എടപ്പാൾ:പുത്രസൗഭാഗ്യത്തിനും സത്സന്താന ലബ്ധിക്കുമായി പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന പുത്രകാമേഷ്ടി യാഗത്തിന്റെ വിളംബരം ഫെബ്രുവരി രണ്ടിന് പത്തു മണിക്ക് നടക്കും.

സ്വാമി ചിദാനന്ദപുരി, രാഹുൽ ഈശ്വർ, കക്കാട് കാരണവപ്പാട് ദിവാകരരാജ തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. പെരുമ്പറമ്പ് സെന്ററിൽ നിന്ന് വാദ്യഘോഷങ്ങൾ,താലപ്പൊലി എന്നിവയോടെയാരംഭിക്കുന്ന വിളംബര ഘോഷയാത്ര സമാപിച്ച ശേഷമാണ് സ്വാമി ചിദാന്ദപുരി യാഗം വിളംബരം ചെയ്യുക.

വിളംബരത്തിന് ശേഷം തുടർ ദിവസങ്ങളിൽ യാഗയജമാനനും പത്‌നിയും ദക്ഷിണാമൂർത്തിയുടെ അനുവാദം വാങ്ങുന്ന ചടങ്ങായ അനുജ്ഞ, കാൽനാട്ടൽ കർമം, ഭൂമിപൂജ എന്നിവ നടക്കും.

ഫെബ്രുവരി 21-ന് എടപ്പാൾ ടൗണിൽ നിന്ന് വർണാഭമായ ഘോഷയാത്രയോടെയാണ് യാഗത്തിന് തുടക്കമാകുക. ഘോഷയാത്ര സമാപനത്തിന് ശേഷം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹിക-സാംസ്‌കാരിക-ആത്മീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് യജമാനൻ തോട്ടുപുറത്ത് ശങ്കരനാരായണൻ നമ്പൂതിരി, പത്‌നി ശ്രീഷ അന്തർജനം എന്നിവരുടെ ശാലാ പ്രവേശം നടക്കും.

യാഗദിവസങ്ങളിൽ യാഗശാലയിൽ ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടടക്കമുള്ള പ്രമുഖ പണ്ഡിതരുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ, കളംപാട്ട്, ശ്രീചക്ര നവാവരണ പൂജ, അയ്യപ്പൻ തീയാട്ട് തുടങ്ങിയവും സാംസാകിരക വേദിയിൽ കഥകളി, സംഗീത വിരുന്നുകൾ എന്നിവയും നടക്കും. എല്ലാ ദിവസവും അന്നദാനവുമുണ്ടാകും.

യോഗത്തിൽ ചീഫ് കോ-ഓർഡിനേറ്റർ പി.എം.മനോജ് എമ്പ്രാന്തിരി അധ്യക്ഷനായി. ചെയർമാൻ ഡോ.കെ.വി.കൃഷ്ണൻ, കെ.എം.പരമേശ്വരൻ നമ്പൂതിരി, കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, കെ.ടി.രാമകൃഷ്ണൻ, ടി.പി.കുമാരൻ, ടി.പി.മാധവൻ, പി.പി.ചക്കൻകുട്ടി, ബാലൻ കണ്ണത്ത് എന്നിവർ പ്രസംഗിച്ചു.

യാഗശാലയിൽ ദമ്പതിമാർക്കായി നടത്തുന്ന സവനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ puthrakameshtiyagam.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8848750288.