16 April 2024 Tuesday

കണ്ണൂർ അർബൻ നിധി തട്ടിപ്പ്: പ്രധാന പ്രതി ആന്റണി സണ്ണി റിമാൻഡിൽ

ckmnews

കണ്ണൂർ അർബൻ നിധി തട്ടിപ്പ്: പ്രധാന പ്രതി ആന്റണി സണ്ണി റിമാൻഡിൽ


കണ്ണൂർ ∙ അർബൻ നിധി തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ആന്റണി സണ്ണിയെ റിമാൻഡ് ചെയ്തു. വിശദമായി മൊഴിയെടുത്ത ശേഷമാണ് ഇന്നലെ വൈകിട്ട് കണ്ണൂർ ടൗൺ പൊലീസ് റിമാൻഡ് ചെയ്തത്. ആന്റണിയുടെ അറസ്റ്റ് കേസിൽ വഴിത്തിരിവായെന്ന് പൊലീസ് പറഞ്ഞു. നിലവിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ കണക്ക് പരിശോധിച്ചാൽ അതിന് തുല്യമായ രീതിയിലുള്ള ആസ്തികൾ പ്രതികളിൽ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസ് നൽകുന്ന സൂചന. ഏറ്റവും കുടുതൽ പണം തട്ടിയെടുത്തത് ഷൗക്കത്തലിയാണെന്ന് ആന്റണി ഇന്നലെ പൊലീസിൽ വെളിപ്പെടുത്തിയിരുന്നു.


കണ്ണൂർ അർബൻ നിധിയിൽ നിക്ഷേപിച്ചവർക്ക് ലോൺ നൽകുക മാത്രമാണ് നിയമപ്രകാരം ചെയ്യാനാവുന്ന കാര്യം. എന്നാൽ ഒട്ടേറെ ക്രമക്കേടുകൾ സ്ഥാപനത്തിൽ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ആന്റണി സണ്ണിയുടെ അക്കൗണ്ടിലേക്ക് കണ്ണൂർ അർബൻ നിധിയിൽ നിന്ന് കോടികളാണ് ഒഴുകിയത്. തൃശൂരിലെ പ്രശസ്ത ബിസിനസ് കുടുംബാംഗമാണ് ആന്റണിയുടേത്. കോവിഡ് കാലത്ത് ബിസിനസിൽ നേരിട്ട തകർച്ചയാണ് കണ്ണൂർ അർബൻ നിധിയും എനി ടൈം മണിയും തുടങ്ങാൻ കാരണമായതെന്നും പൊലീസ് പറഞ്ഞു. ഷൗക്കത്തലി ആന്റണിയുടെ മുൻ ബിസിനസ് പാർട്ണർ ആയിരുന്നെന്നും പൊലീസ് പറഞ്ഞു.ഇതുവരെ 23 കേസുകളാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. കണ്ണൂരിലും കോഴിക്കോട്ടുമായി എനി ടൈം മണിയുടെ പേരിലും കണ്ണൂർ അർബൻ നിധിയുടെ പേരിലും ഒട്ടേറെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ കമ്പനിയുടെ എച്ച്ആർ മാനേജർ ആയിരുന്ന മട്ടന്നൂർ സ്വദേശി പി.വി.പ്രഭീഷ് കോടതിയിൽ കീഴടങ്ങിയിരുന്നു. 


മയ്യിൽ പൊലീസിൽ റജിസ്റ്റർ ചെയ്ത കേസിലാണ് പ്രഭീഷ് കീഴടങ്ങിയത്. ഇവരെ കൂടാതെ കേസിൽ തൃശ്ശൂർ വരവൂരിലെ കുന്നത്ത് പീടികയിൽ കെ.എം.ഗഫൂർ (46), ചങ്ങരംകുളം മേലേടത്ത് ഷൗക്കത്തലി (43), അസി. മാനേജർ സി.വി.ജീന (42) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


എനി ടൈം മണിയിലൂടെ ആന്റണിയും സംഘവും ലക്ഷ്യമിട്ടത് ഇന്ത്യയൊട്ടാകെയുള്ള നിക്ഷേപത്തട്ടിപ്പിന്. ബാങ്കിങ് രംഗത്തെ നൂതന ആശയവുമായി എത്തിയാണ് ആന്റണി സണ്ണിയും നിക്ഷേപകരെ ആകർഷിച്ചത്. സമൂഹ മാധ്യമങ്ങളിലടക്കം പരസ്യം നൽകിയാണ് ഡിജി നെക്സ്റ്റ് എന്ന ബാങ്കിങ് ഡിവൈസിന്റെ വിൽപന എനി ടൈം മണി വ്യാപിപ്പിച്ചത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്

ബാങ്കിങ് സേവനം എത്തിക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം.


എനി ടൈം മണിയുടെ ബ്രാഞ്ച് ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ പ്രവർത്തിച്ചിരുന്നു. കോഴിക്കോട് തൊണ്ടയാടാണ് ആസ്ഥാനം. ഇവിടെയാണ് ഐടി സംബന്ധമായ കാര്യങ്ങൾ നിർവഹിച്ചിരുന്നത്. പുണെ, നാഗ്പുർ, ബെംഗളൂരു എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും മാർക്കറ്റിങ് ഓഫിസ് ചെന്നൈയിലും പ്രവർത്തിച്ചിരുന്നു. റീടെയ്‌ൽ ഔട്ട്‌ലെറ്റ് നാഗ്പുർ, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രവർത്തിച്ചിരുന്നു.2021 നവംബർ ഒന്നിന് എനി ടൈം മണി ഒന്നാം വാർഷികം ആഘോഷിച്ചു. അന്നായിരുന്നു കമ്പനിയുടെ അഡീഷനൽ ഡയറക്ടർ ഷൗക്കത്തലി 2025ൽ ഇന്ത്യയൊട്ടാകെ ഒരു ലക്ഷം ഔട്ട്‌ലെറ്റുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചത്.


2021ൽ ഒരു വർഷം പൂർത്തിയാക്കിയപ്പോൾ ആന്റണി സണ്ണി കമ്പനിയുടെ വിജയമായി പറഞ്ഞത് ‘കമ്പനി തുടങ്ങിയപ്പോൾ 15 പേരാണ് സ്റ്റാഫായി ഉണ്ടായിരുന്നത് ഇന്ന് അത് 270 സ്റ്റാഫുകളായി ഉയർന്നു. 400 ഡിവൈസിൽ നിന്ന് ഒരു മാസത്തെ ടേൺ ഓവറായി വന്നത് 75 കോടി രുപയാണ്. അപ്പോൾ 1 ലക്ഷം ഔട്ട്‌ലെറ്റിലേക്ക് വളർന്നാൽ ഉയരത്തിൽ എത്താമെന്ന് പറഞ്ഞാണ് ആന്റണി നിക്ഷേപകരെ ആകർഷിച്ചത്.


ബിരുദം, ബിരുദാനന്തര ബിരുദമുള്ളവരായിരുന്നു എനി ടൈം മണിയിലെ ജീവനക്കാർ. കോവിഡിനിടയിൽ ജോലി നഷ്ടപ്പെട്ടവരായിരുന്നു ഇവരിൽ പലരും. നാട്ടിൽ 45,000 രൂപ ശമ്പളത്തിൽ ജോലിയെന്നതും ആകർഷിച്ചു. ജോലി ലഭിക്കാൻ എനി ടൈം മണിയുടെ പ്രധാന സ്ഥാപനമായ കണ്ണൂർ അർബൻ നിധിയിലേക്ക് 15 ലക്ഷം നിക്ഷേപം കണ്ടെത്തണമെന്നതായിരുന്നു ജീവനക്കാരിലേക്ക് വച്ചിരുന്ന ഉപാധി. സ്വന്തമായി നിക്ഷേപിക്കുന്നവർക്ക് ഒരു വർഷത്തിന് ശേഷം പണം തിരികെ നൽകുമെന്ന് കണ്ണൂർ അർബൻ നിധി വാഗ്ദാനം നൽകി. ഇത്തരത്തിൽ ജീവനക്കാരിലൂടെയും കണ്ണൂർ അർബൻ നിധിയിലേക്ക് കോടികളുടെ നിക്ഷേപമെത്തി.