25 April 2024 Thursday

പൊലീസിനെതിരെ കുറിപ്പ് എഴുതിയ ശേഷം ആത്മഹത്യാ ശ്രമം;അന്വേഷണം ആരംഭിച്ചു

ckmnews

പൊലീസിനെതിരെ കുറിപ്പ് എഴുതിയ ശേഷം ആത്മഹത്യാ ശ്രമം;അന്വേഷണം ആരംഭിച്ചു


പൊലീസിനെതിരെ കുറിപ്പ് എഴുതിയ ശേഷം പ്ലസ് വൺ വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ  മെറിൻ ജോസഫ് ഓച്ചിറയിലെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഡിഐജി ആർ.നിശാന്തിനി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. 

പ്ലസ് വൺ വിദ്യാർഥിയോടൊപ്പം ഗുണ്ടാ ആക്രമണത്തിൽ പരുക്കേറ്റ ക്ലാപ്പന സ്വദേശികളായ രഞ്ജിത്ത് (22), ഹരി ജിത്ത് (23), സാഗർ (19) എന്നിവരിൽ‍ നിന്നു കമ്മിഷണറുടെ നേതൃത്വത്തിൽ മൊഴി എടുത്തു. സംഭവ ദിവസങ്ങളിൽ ഓച്ചിറ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു.


സ്പെഷൽ ബ്രാഞ്ച് എസിപിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. 2 പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽ സ്കൂളിൽ ആരംഭിച്ച തർക്കമാണ് പിന്നീട് ഗുണ്ടാ ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ 3 പേരുടെ മൊഴി   രേഖപ്പെടുത്തി. ആദ്യം ഘട്ടം മുതൽ ഗുണ്ടാ ആക്രമണം നടത്തിയ പ്രതികൾക്കെതിരെ പൊലീസ് ദുർബല വകുപ്പുകൾ ചുമത്തിയതായി ആരോപണം ഉയർന്നിരുന്നു.


ഓച്ചിറ എസ്ഐക്കെതിരെ ഒരു വിഭാഗം ഗൂഢാലോചന നടത്തി എന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്.  ആത്മഹത്യയ്ക്കു ശ്രമിച്ച പ്ലസ് വൺ വിദ്യാർഥി അപകട നില തരണം ചെയ്തതായും 2 ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയണമെന്നും ഡോക്ടർമാർ അറിയിച്ചു. വിദ്യാർഥിക്ക് കൗൺസലിങ് നൽകണമെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.