20 April 2024 Saturday

തൃശ്ശൂർ പൂരം: കുടകളുടെ എണ്ണം കുറയ്ക്കും

ckmnews

തൃശ്ശൂർ:തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റത്തിലെ വർണക്കുടകളുടെ എണ്ണം കുറയ്ക്കുന്നു. കഴിഞ്ഞദിവസം ചേർന്ന തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്തയോഗത്തിലാണിത് തീരുമാനിച്ചത്. സമയനിഷ്ഠ പാലിക്കുക, കടുത്ത അധ്വാനം കുറയ്ക്കുക, കുടമാറ്റം കൂടുതൽ ആസ്വദിക്കാൻ സാഹചര്യമൊരുക്കുക എന്നിവയാണ് ലക്ഷ്യം.


നാൽപ്പതുസെറ്റ് കുടകൾ മതിയെന്ന തീരുമാനത്തിലാണ് അധികൃതർ. 35 സെറ്റ് സാധാരണ കുടകളും അഞ്ച് സെറ്റ് സ്പെഷ്യൽക്കുടകളുമാണ് ഉണ്ടായിരിക്കുക. എഴുപതുസെറ്റ് കുടകൾവരെ ഉയർന്ന വർഷമുണ്ടായിരുന്നു. ഇതുമൂലം ഉണ്ടാകുന്ന സമയനഷ്ടവും അധ്വാനവും കണക്കിലെടുത്താണ് നിയന്ത്രണത്തിന് ഒരുങ്ങുന്നത്. മുമ്പ് ആറരയോടെ കുടമാറ്റം പൂർത്തിയായിരുന്നു. ഇപ്പോൾ എട്ടുമണി കഴിഞ്ഞാലും പൂർത്തിയാകാത്ത സ്ഥിതിയാണ് ഉള്ളത്. ആദ്യകാലത്ത് 15 സെറ്റ് മുതൽ 18 സെറ്റ് വരെ കുടകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെനിന്നാണ് എണ്ണം ഇത്രയും കൂടിയത്.


കുടകളുടെ എണ്ണം വൻതോതിൽ കൂടുമ്പോൾ ഉയർത്തുന്നതിന്റെ ഭംഗിയും താളവും നഷ്ടപ്പെടും. ഒരു സെറ്റിലുള്ള 15 കുടകളും ഒരേ സമയത്ത് ആനപ്പുറത്ത് എത്തുകയും നിവർത്തുകയും വേണം. കുടകൾ മാറിപ്പോകരുത്. ഒരു കുട കയറ്റുന്നതോടൊപ്പം ഇറക്കുന്നതും മിന്നൽവേഗത്തിൽ വേണം. ചെറിയ പിഴവുപോലും സൗന്ദര്യം കുറയ്ക്കും. ഒരോ വിഭാഗത്തിനും നൂറിലേറെ ആളുകളാണ് കുടകയറ്റാനും ഇറക്കാനുമായി ഉണ്ടാകുക.